സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരത്തും വയനാടും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും വയനാടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് പുതിയതായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഉടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്യുന്നത്.
കോഴിക്കോട് നാദാപുരം എടച്ചേരിയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. കച്ചേരി കൂമുള്ളി ജാനുവിന്റെ ഇരുനില വീടും ബീനയുടെ വീടുമാണ് തകര്‍ന്നത്.
പത്തനംതിട്ടയില്‍ രാത്രി ശക്തമായ മഴ തുടരുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍ രേഖപ്പെടുത്തിയത് 70 സെന്റീമീറ്ററിലധികം മഴയാണ്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ചന്‍കോവിലാറ്റില്‍ കോന്നി, കല്ലേലി ഭാഗങ്ങളില്‍ ജലനിരപ്പ് വാര്‍ണിങ് ലെവലിലേക്ക് അടുത്തു. മഴ തുടര്‍ന്നാല്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 100 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.