കോഴിക്കോട് ജില്ലയില്‍ രണ്ടുദിവസം റെഡ് അലേര്‍ട്ട്; 10 ദുരിതാശ്വാസ ക്യാംപുകളിലായി 128 കുടുംബങ്ങള്‍

Update: 2022-08-02 18:31 GMT

കോഴിക്കോട്: ജില്ലയില്‍ രണ്ടുദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ജില്ലഭരണകൂടത്തിന്റെ നിര്‍ദ്ദേശം. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 128 കുടുംബങ്ങളെയാണ് ഇതുവരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി. അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ മാറ്റും.

കോഴിക്കോട് താലൂക്കിലെ കൊടിയത്തൂരില്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്കും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റി. അപകട സാധ്യത കൂടുതലുള്ള പാറത്തോട് ഇളമ്പിലാശ്ശേരി കോളനിയില്‍ നിന്നും കുടുംബങ്ങളെ മാറ്റി. മൈസൂര്‍മല അംഗനവാടിയിലും ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കനത്തമഴ മൂലം ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് വടകര താലൂക്കിലെ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുട്ടല്ലൂര്‍ സേവ കേന്ദ്രം, സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍, പാലൂര്‍ ഗവ: എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെ ആളുകളെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍ ആളുകള്‍ വിമുഖതകാണിക്കരുതെന്നും വടകര തഹസില്‍ദാര്‍ കെ. കെ പ്രസില്‍ പറഞ്ഞു.

വളയം വില്ലേജിലെ ചിറ്റാരി ഭാഗത്ത് മണ്ണിടിഞ്ഞ് സിനിഷ തെങ്ങളമുറ്റത്ത്, ഒ പി കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഈ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.

ചെക്യാട് വില്ലേജില്‍ കണ്ടി വാതുക്കലില്‍ ആറ് കുടുംബങ്ങളിലെ 21 പേരെ കണ്ടിവാതുക്കല്‍ അംഗന്‍വാടി ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഒരു കുടുംബത്തിലെ നാലു പേര്‍ ബന്ധുവീടിലേക്കും താമസം മാറിയിട്ടുണ്ട്.

തിനൂര്‍ വില്ലേജിലെ വായാട് പ്രദേശത്തെ വായാട് കോളനിയിലുള്ള നാല് കുടുംബങ്ങളിലെ 22 പേരെ വായാടുള്ള സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. സ്‌റ്റെല്ല മേരിസ് സ്‌കൂളിലുള്ള ക്യാമ്പിലേക്ക് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

വളയം വില്ലേജിലെ ആയോട് മലയിലുള്ള ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ആറ് കുടുംബങ്ങളെയും ചിറ്റാരി ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കായക്കൊടി വില്ലേജിലെ ദുരന്ത ബാധിത മേഖലയായ പാലോളി, മുത്താച്ചി കോട്ട എന്നീ സ്ഥലങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.

വാണിമേല്‍ വില്ലേജിലെ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി ഉള്ള പ്രദേശമായ ചിറ്റാരി മേഖലയിലുള്ള 23 വീടുകളിലെ കുടുംബാംഗങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. നിലവിലെ സാഹചര്യത്തില്‍ പ്രദേശത്ത് മഴ ശക്തമായിട്ടില്ല.

കൊയിലാണ്ടി താലൂക്കില്‍ ഉള്‍പ്പെട്ട കൂരാച്ചുണ്ടില്‍ രണ്ട് ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കരിയാത്തുംപാറയിലെ സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ 15 കുടുംബങ്ങളില്‍ നിന്നായി 32 പേരെ മാറ്റി പാര്‍പ്പിച്ചു. കക്കയത്തെ കെ എച്ച് ഇ പി ജി എല്‍ പി സ്‌കൂളിലും ക്യാമ്പ് തുറന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് ക്യാമ്പുകള്‍ തുറന്നതെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ സി. പി മണി പറഞ്ഞു.

ജില്ലയില്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. വിവരങ്ങള്‍ക്ക് കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം 0495 2371002. ടോള്‍ഫ്രീ നമ്പര്‍ 1077.

Tags:    

Similar News