മഴക്കെടുതി;സംസ്ഥാനത്ത് മരണം പത്തായി

Update: 2022-08-02 05:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പത്തായി.കണ്ണൂരില്‍ രണ്ടര വയസ്സുകാരിയുടേതടക്കം നാല് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി.വിവിധ ജില്ലകളിലായി അഞ്ച് പേരെ കാണാതായി. അതില്‍ ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു.

കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഒലിച്ചുപോയ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.കണ്ണൂര്‍ പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കോട്ടയത്ത് ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍വീണാണ് പൗലോസ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീണ്ടും നാട്ടുകാരും വനം വകുപ്പും നടത്തിയ തിരച്ചിലിന് ഒടുവിലാണ് പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം കാര്‍ പുഴയിലേക്ക് മറിഞ്ഞ് അച്ഛനും മക്കളും മരിച്ചിരുന്നു. വിഴിഞ്ഞത്ത് തമിഴ്‌നാട് സ്വദേശി വളളം മറിഞ്ഞ് മരിച്ചു.മലപ്പുറത്ത് ഒരാളെയും തൃശൂര്‍ മുനക്കക്കടവില്‍ രണ്ട് മല്‍സ്യത്തൊഴിലാളികളെയും കാണാതായി. നാല് പേര്‍ ഇവിടെ നീന്തി കരക്കെത്തി.

ചൊവ്വാഴ്ചവരെ നല്ല മഴ ലഭിക്കും. തെക്കന്‍ കേരളത്തിലെ മഴ വടക്കോട്ടും വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്.മല്‍സ്യത്തൊഴിലാളികളോട് കടലില്‍പോകരുതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മല്‍സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു.



Tags:    

Similar News