യെസ് ബാങ്ക് എടിഎമ്മുകളില്‍ തിക്കും തിരക്കും, പല എടിഎമ്മുകള്‍ക്കും രാത്രിയോടെ ഷട്ടറിട്ടു
ആര്‍ബിഐ നിയന്ത്രണം പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം പ്രധാന നഗരങ്ങളിലെ യെസ് ബാങ്ക് എടിഎമ്മുകള്‍ വറ്റിവരണ്ടു.
മുംബൈ: ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കിന്റെ രാജ്യത്തെ വിവിധ എടിഎമ്മുകളില്‍ വമ്പിച്ച തിരക്ക്. ഇന്നു മുതല്‍ മാസത്തില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയായി നിജപ്പെടുത്തുമെന്ന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെയാണ് എടിഎമ്മുകള്‍ക്കു മുന്നില്‍ വമ്പിച്ച ക്യൂ രൂപം കൊണ്ടത്.
ഇന്റര്‍നെറ്റ് ബാങ്കിങ്ങിനെയും ബാധിച്ചതിനാല്‍ നിക്ഷേപകര്‍ പരിഭ്രാന്തരാണ്. ആര്‍ക്കും ഒരിടത്തേക്കും പണം അയക്കാനാവുന്നില്ല.
മുംബൈയില്‍ ആര്‍ബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിനടുത്ത എടിഎം തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഷട്ടറിട്ടു.
നേരത്തെ തന്നെ എടിഎം മെഷീന്‍ പ്രവര്‍ത്തന രഹിതമായെന്നും ബാങ്കിനെ അറിയിച്ചപ്പോള്‍ രാത്രി പത്തു മണിയോടെ പൂട്ടാന്‍ നിര്‍ദേശിച്ചുവെന്നും സുരക്ഷാ ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍ബിഐ നിയന്ത്രണം പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം പ്രധാന നഗരങ്ങളിലെ യെസ് ബാങ്ക് എടിഎമ്മുകള്‍ വറ്റിവരണ്ടു.
എസ്ബിഐയുടെ മുന്‍ സിഎഫ്ഒ പ്രശാന്ത് കുമാര്‍ ആയിരിക്കും അടുത്ത ഒരു മാസത്തേക്ക് യെസ് ബാങ്കിനെ നിയന്ത്രിക്കുക.
പ്രതിസന്ധിയിലകപ്പെട്ട യെസ് ബാങ്ക് വാങ്ങാന്‍ എസ്ബിഐ നേതൃത്വം നല്‍കുന്ന കര്‍സോര്‍ഷ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ ഒരു നിശ്ചിത തുകയ്ക്കു മുകളില്‍ യെസ് ബാങ്കിലെ നിക്ഷേകര്‍ക്ക് അവരുടെ കറന്റ്, സേവിങ്‌സ്, ഡെപോസിറ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയില്ല. ഏപ്രില്‍ മൂന്ന് വരെയാണ് നിയന്ത്രണം.
ഇന്നു തുടങ്ങി ഏപ്രില്‍ 3 വരെ യെസ് ബാങ്ക് ഇടപാടുകാര്‍ക്ക് 50000ത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ കഴിയില്ല. ഇത് കറന്റ്, സേവിങ്‌സ്, ഡെപോസിറ്റ് അക്കൗണ്ടുകള്‍ക്ക് ബാധകമാണ്.
എന്നാല്‍ ചില വിഭാഗങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത് ഏതാണെന്ന് ബാങ്കുമായി ബന്ധപ്പെട്ട അധികാരികള്‍ തീരുമാനിക്കുമെന്നാണ് മാധ്യമവാര്‍ത്തകള്‍. അത്തരം കേസുകളില്‍ 5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കും.
ചികിത്സ, വിദ്യാഭ്യാസത്തിനു വേണ്ടിവരുന്ന ചെലവുകള്‍, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവക്കാണ് ഇളവുണ്ടാവുക. അതേസമയം ഡെപോസിറ്റുകളില്‍ പലിശ നല്‍കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.