യെസ് ബാങ്ക് സാധാരണ നിലയിലേക്ക്; എടിഎമ്മുകള്‍ നാളെ മുതല്‍ സജ്ജമാകും
മാര്‍ച്ച് 5നാണ് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ യെസ് ബാങ്കിനോട് നിര്‍ദേശിച്ചത്
മുംബൈ: പ്രതിസന്ധിയുടെ ഭാമായി ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ച യെസ് ബാങ്ക് സാധാരണ നിലയിലേക്കെന്ന് ബാങ്ക് അധികൃതര്‍. മാര്‍ച്ച് 18 രാത്രി 6 മുതലാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്.
''ബാങ്ക് താല്‍ക്കാലികമായി നിര്‍ത്തുന്നതിനു മുമ്പ് ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ സര്‍വീസുകളും തുടര്‍ന്നും ലഭിക്കും''- ബാങ്കിന്റെ ഇപ്പോഴത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. പണലഭ്യതയിലും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാ എടിഎമ്മുകളിലും നാളത്തോടെ പണം നിറക്കും.''
മാര്‍ച്ച് 5നാണ് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ യെസ് ബാങ്കിനോട് നിര്‍ദേശിച്ചത്. അതിന്റെ ഭാഗമായി ഇടപാടുകാര്‍ക്ക് ഏപ്രില്‍ 3 വരെ പിന്‍വലിക്കാവുന്ന തുകയുടെ പരമാവധി പരിധി 50000 രൂപയാക്കി നിശ്ചയിക്കുകയും ചെയ്തു.
''ബാങ്കിന്റെ ഇടപാടുകാരില്‍ മൂന്നിലൊന്നു പേര്‍ മാത്രമാണ് 50000 രൂപ പിന്‍വലിച്ചത്. തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ഉടന്‍ പിന്‍വലിക്കണമെന്ന് ഇടപാടുകാര്‍ കരുതിയില്ലെന്നാണ് ബാങ്കിന് ലഭിച്ച ഫീഡ് ബാക്ക്. അക്കൗണ്ടുകളില്‍ നിന്ന് പോയതില്‍ കൂടതല്‍ പണം ബാങ്കില്‍ തിരിച്ചെത്തുകയായിരുന്നു ചെയ്തത്- പ്രശാന്ത് കുമാര്‍ പറഞ്ഞു.