ഹേമ കമ്മിറ്റി റിപോര്‍ട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല
തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നല്‍കിയ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ ഒഴിവാക്കുന്ന ഭാഗങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ന് ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ അപ്പീലില്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കുമെന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ് വിവരം.
വിവരാവകാശ കമ്മീഷന്‍ മുമ്പില്‍ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെ വിവരാവകാശ കമ്മീഷണര്‍ അറിയിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് വാങ്ങാന്‍ രാവിലെ 11 മണിക്ക് എത്താനാണ് അപ്പീല്‍ നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീമിന്റെ അറിയിപ്പ് ലഭിച്ചത്. കമ്മീഷന്‍ ഓഫിസിലെത്തിയവരെ അകത്തേക്ക് കടത്തിവിടാന്‍ അധികൃതര്‍ തയാറായില്ല.
ഒടുവില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെത്തി ഇന്ന് ഉത്തരവ് ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. പുതിയ പരാതി നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്താനോ, അപ്പീല്‍ നല്‍കിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനോ അധികൃതര്‍ തയാറായില്ല. കമ്മിഷണറുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഉത്തരവ് പുറത്തു വരാനിരിക്കെ, പുതിയ പരാതിയുടെ പേരില്‍ നടപടി തടസപ്പെട്ടതോടെ അധികൃതരുടെ നീക്കങ്ങളില്‍ വീണ്ടും ദുരൂഹതയേറിയിരിക്കുകയാണ്.
കമ്മിറ്റിക്ക് മൊഴിനല്‍കിയവരുടെ സ്വകാര്യവിവരങ്ങള്‍ ഒഴിവാക്കി റിപോര്‍ട്ട് പുറത്തുവിടണമെന്ന് നേരത്തേ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. റിപോര്‍ട്ടിലെ 29 പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനുപുറമേ, റിപ്പോര്‍ട്ടിലെ 130 പാരഗ്രാഫുകള്‍കൂടി ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപോര്‍ട്ട് പുറത്തുവിട്ടത്. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് നിര്‍ണായക ഉത്തരവ് പുറത്തുവിടാനിരുന്നത്.