ഹൈക്കോടതി കേസ് നീട്ടിവച്ചു; അടുത്ത ദിവസം നടക്കുന്ന പരീക്ഷ എഴുതാനാകാതെ ബിടെക് ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ഥികള്‍
കേസ് നീട്ടിവെച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.
കോഴിക്കോട്: പരീക്ഷ എഴുതാന്‍ അവസരം തേടിയുള്ള ലാറ്ററല്‍ എന്‍ട്രിയി ബിടെക് വിദ്യാര്‍ഥികളുടെ അപേക്ഷ ഹൈക്കോടതി നീട്ടിവെച്ചതോടെ പരീക്ഷ എഴുതാനാവില്ലെന്ന ആശങ്കയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. കേരളത്തിലെ 23 കോളജുകളില്‍ നിന്നുള്ള 235 കുട്ടികളാണ് കേസ് നീട്ടിവെച്ച ഹൈക്കോടതി നടപടിയില്‍ കുടുങ്ങി പ്രയാസത്തിലായത്. ഡിപ്ലോമ പൂര്‍ത്തിയാക്കി മൂന്നാം സെമസ്റ്ററിലേക്കു വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ ലാറ്ററല്‍ എന്‍ട്രി നേടിയവരാണ് ഇവര്‍. പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നത്.
കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കു പ്രവേശനപരീക്ഷ നടന്നിരുന്നില്ല. ഓഗസ്റ്റ് 17നു മൂന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിച്ചു. ഒക്ടോബറില്‍ ഡിപ്ലോമ ബിരുദധാരികള്‍ അവരുടെ മാര്‍ക്ക് പ്രവേശനപരീക്ഷാ കമ്മിഷണറുടെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നു നിര്‍ദേശം വന്നു. എന്നാല്‍, ഇക്കാര്യം ചില കോളജുകള്‍ കുട്ടികളെ കൃത്യമായി ബോധ്യപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. ഡിപ്ലോമയ്ക്ക് 60% മാര്‍ക്കാണ് ലാറ്ററല്‍ എന്‍ട്രിക്കായി വേണ്ടത്. അതില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ വരെ, റജിസ്‌ട്രേഷന്‍ നടത്താത്തതിനാല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവരായുണ്ട്.
ഈവര്‍ഷം ഏപ്രിലില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയായപ്പോഴാണു തങ്ങള്‍ക്ക് എഴുതാനാകില്ലെന്നു വിദ്യാര്‍ഥികള്‍ അറിയുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ല. ഏപ്രില്‍ 15ന് ഒരു പരീക്ഷ കഴിഞ്ഞിരുന്നു. ബാക്കി പരീക്ഷകള്‍ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് നീട്ടിവെച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.