ഹിജാബ് നിരോധനം; കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരേ വിദ്യാര്‍ത്ഥിനി സുപ്രിംകോടതിയില്‍

Update: 2022-02-11 06:23 GMT

ന്യൂഡല്‍ഹി: വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരേ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരേ വിദ്യാര്‍ത്ഥിനി സുപ്രിംകോടതിയെ സമീപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വിദ്യാലയങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് കര്‍ണാടക ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിനെതിരേയാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഹിജാബ് ധരിക്കുന്നതിനെതിരേ ഹിന്ദുത്വ സ്വാധീനത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഒരാഴ്ചയായി കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കാനാരംഭിച്ചത്.

ഉഡുപ്പിയിലെ ഒരു ജൂനിയര്‍ കോളജില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോളജ് അധികൃതര്‍ ഹിജാബ് നിരോധിച്ചതിനെ മുസ് ലിം പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെ ഹിന്ദുത്വ സ്വാധീനത്തില്‍പ്പെട്ട ഏതാനും കുട്ടികള്‍ കാവി ഷാള്‍ ധരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന സമയത്ത് ഹിജാബിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിദ്യാലയങ്ങളില്‍ ഹിജാബ് ധരിച്ച് പ്രവേശനമനുവദിക്കും.

അതിനിടയില്‍ ഹിജാബ് നിരോധനത്തിനെതിരേ 6 വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജി തിങ്കളാഴ്ച ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കും.

Tags:    

Similar News