'ഹിന്ദി ഖോതില്ല ': കര്‍ണാടകയില്‍ ഹിന്ദി വിരുദ്ധ പ്രചരണം ശക്തമാകുന്നു
പ്രമുഖ അഭിനേതാക്കളായ പ്രകാശ് രാജ്, ചേതന്‍, ധനഞ്ജയ എന്നിവരും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധവുമായി എത്തി.
ബെംഗളുരു: തമിഴ്‌നാടിനു പിറകെ കര്‍ണാടകയിലും ഹിന്ദി വിരുദ്ധ വികാരം ശക്തമാകുന്നു. ഹിന്ദി ദിനമായി ആചരിച്ച സെപ്റ്റംബര്‍ 14 ന് ഒരു കൂട്ടം സെലിബ്രിറ്റികളും അഭിനേതാക്കളും 'ഹിന്ദി ഗോഥില്ല' (ഞാന്‍ ഹിന്ദി സംസാരിക്കില്ല), 'നംഗെ ഹിന്ദി ബരല്ല, ഹൊഗ്രപ്പ'(എനിക്ക് ഹിന്ദി അറിയില്ല, പോടോ) എന്നിവ എഴുതിയ സന്ദേശങ്ങളുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പ്രമുഖ അഭിനേതാക്കളായ പ്രകാശ് രാജ്, ചേതന്‍, ധനഞ്ജയ എന്നിവരും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധവുമായി എത്തി.
തമിഴ്‌നാട്ടില്‍ തൂത്തുക്കുടിയിലെ ഡിഎംകെ എംപി കനിമൊഴി ആരംഭിച്ച ഹിന്ദിവിരുദ്ധ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളില്‍ നല്ല പിന്‍തുണ ലഭിച്ചിരുന്നു. ഹിന്ദി പറയാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനിമൊഴി അപമാനിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ വികാരം വീണ്ടും ശക്തമായത്. ഈ പ്രചാരണത്തിന്റെ ഭാഗമായി ടി-ഷര്‍ട്ടുകളില്‍ ''ഹിന്ദി തെരിയത്തു, പോഡ!'' (എനിക്ക് ഹിന്ദി അറിയില്ല, പോടോ) എന്നും 'നാന്‍ ഒരു തമിഷ് പെസം ഇന്ത്യക്കാരന്‍്'' (ഞാന്‍ ഒരു തമിഴ് സംസാരിക്കുന്ന ഇന്ത്യക്കാരന്‍) എന്നുമുള്ള മുദ്രാവാക്യങ്ങള്‍ പ്രചരിച്ചിരുന്നു.
' ഹിന്ദിയും ഇംഗ്ലീഷും ഭാഷകളായി പഠിപ്പിക്കണം, പക്ഷേ ഹിന്ദി ഒരു ബോധന മാധ്യമമായി നിര്‍ബന്ധിക്കരുത്. എനിക്ക് പല ഭാഷകളും അറിയാം, പക്ഷേ ലോകത്തെക്കുറിച്ചുള്ള എന്റെ പഠനവും ധാരണയും എന്റെ മാതൃഭാഷയില്‍ ശക്തമാണ്,' വിവിധ ഭാഷകളില്‍ അഭിനയിക്കുന്ന നടന്‍ പ്രകാശ് രാജ് പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രചാരണത്തിന് വലിയ പിന്തുണയുണ്ടെന്ന് കന്നഡ അനുകൂല പ്രവര്‍ത്തകര്‍ പറഞ്ഞു. ''ഈ വര്‍ഷം പിന്തുണ വര്‍ദ്ധിച്ചു, കാരണം പ്രാദേശിക ഭാഷകള്‍ ഹിന്ദിക്ക് അനുകൂലമായി എങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ സ്വമേധയാ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്,'' കന്നഡ അനുകൂല സംഘടനയായ കന്നഡ ഗ്രഹകര കൂട്ടയിലെ പ്രവര്‍ത്തകനായ അരുണ്‍ ജവഗല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി പ്രചരണം നടത്തിയ 'നമോബ്രിഗേഡിന്റെ' സ്ഥാപകന്‍ ചക്രവര്‍ത്തി സുലിബെലെയും ഹിന്ദി വിരുദ്ധ പ്രചരണത്തില്‍ സജീവമാണ്. ഇ.ഐ.എ കരട് വിജ്ഞാപനം കന്നഡയില്‍ വിവര്‍ത്തനം ചെയ്യാത്തതിനെ സുലിബെലെ ചോദ്യം ചെയ്തിരുന്നു.