സൂറത്തിലെ സ്‌കൂളിനു മുന്നില്‍ ഹിജാബിനെതിരേ ഹിന്ദുത്വരുടെ പ്രതിഷേധം; പന്ത്രണ്ടോളം പേരെ കസ്റ്റഡിയിലെടുത്തു
ഗാന്ധിനഗര്‍; കര്‍ണാടകയില്‍ തുടക്കമിട്ട ഹിജാബിനെതിരേയുള്ള ഹിന്ദുത്വ പ്രതിഷേധം ഗുജറാത്തിലേക്കും പടരുന്നു. സൂറത്തിലെ പി പി സാവനി വിദ്യാ ഭവന്‍ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഹിന്ദുത്വര്‍ പരസ്യമായി രംഗത്തുവന്നു. ഒരു ഡസനോളം വിശ്വഹിന്ദു പരിഷദ്, ഹിന്ദു ജാഗ്രന്‍ മഞ്ച്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് സ്‌കൂള്‍ ഗേറ്റിനുമുന്നിലെത്തി സംഘര്‍ഷം സൃഷ്ടിച്ചത്. എല്ലാവരെയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഹിജാബ് പ്രശ്‌നത്തില്‍ വിധി വരുംവരെ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അത് ലംഘിക്കപ്പെട്ടിരിക്കുകയാണ്.
സ്‌കൂള്‍ ഗേറ്റില്‍ നിലയുറപ്പിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ കുട്ടികളെ ഭീതിയിലാക്കി.
'രാവിലെ 11 മണിയോടെ കപോദ്രയിലെ സ്‌കൂളില്‍ ചില ഹിന്ദുത്വ സംഘടനകളുടെ അംഗങ്ങള്‍ ഒത്തുകൂടിയതായി കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചു, ഉടന്‍ ഞങ്ങള്‍ അവിടെയെത്തി, അവര്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ഗേറ്റില്‍ പ്രതിഷേധിക്കുന്നത് കണ്ടു. ഉടനെത്തന്നെ അവരെ കസ്റ്റഡിയിലെടുത്തു- കപോദ്ര എസ് ഐ എം ബി റാത്തോഡ് പറഞ്ഞു.
പ്രതിഷേധക്കാരെ പിന്നീട് വിട്ടയച്ചു.
കറുത്ത വസ്ത്രം ധരിച്ച് ചില വിദ്യാര്‍ത്ഥികള്‍ എത്തിയെന്നല്ലാതെ ആരും ബുര്‍ഖ ധരിച്ചിരുന്നില്ലെന്ന് പോലിസ് പറയുന്നു. ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്‌കൂളിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്നാണ് അവരെ കസ്റ്റഡിയിലെടുത്തത്.
തങ്ങള്‍ ഒരാളുടെയും മതത്തിനെതിരല്ലെന്നും മതം വീട്ടലൊതുക്കി നിര്‍ത്തണമെന്നും ഹിന്ദു ജാഗ്രന്‍ മഞ്ച് നേതാവ് ദിനേശ് സവാലിയ പറഞ്ഞു. പ്രിന്‍സിപ്പലിനെ ഭരണഘടന എന്താണെന്ന് ബോധ്യപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം.