മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോളോഗ്രാം രജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍; ആദ്യ ഘട്ടത്തില്‍ 300 ബോട്ടുകളില്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മത്സ്യബന്ധന ബോട്ടുകളില്‍ ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂര്‍ണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 300 ബോട്ടുകളിലാണ് ഹോളോഗ്രാം രജിസ്ട്രഷന്‍ ബോര്‍ഡുകള്‍ ഘടിപ്പിക്കുന്നത്. നീണ്ടകര, മുനമ്പം, കൊച്ചി എന്നിവിടങ്ങളിലെ നൂറോളം ബോട്ടുകളില്‍ ഇതിനകം ബോര്‍ഡുകള്‍ ഘടിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ 1500 ഉം മൂന്നാം ഘട്ടത്തില്‍ നാലായിരത്തോളം വരുന്ന സംസ്ഥാനത്തെ മുഴുവന്‍ മത്സ്യ ബന്ധന ബോട്ടുകളിലും അതീവ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കും. സബ്‌സിഡി നിരക്കില്‍ സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
ആഴക്കടലില്‍ അകപ്പെടുന്ന ബോട്ടുകളെ കണ്ടെത്താനും തിരിച്ചറിയാനും സഹായിക്കുന്ന സംവിധാനമാണ് ജിപിഎസ് / ജിപിആര്‍എസ് നെറ്റ്വര്‍ക്കിംഗുള്ള സുരക്ഷാ രജിസ്‌ട്രേഷന്‍ ബോര്‍ഡ്. കടലിലെ ഉപ്പുവെള്ളമേറ്റാല്‍ നശിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. വ്യാജ രജിസ്‌ട്രേഷന്‍ തിരിച്ചറിയുന്നതിനുള്ള ഹോളോഗ്രാഫിക്കും ലേസര്‍ സംവിധാനങ്ങളും ഇതിലുണ്ട്. തിരിച്ചറിയുന്നതിനും ആശയവിനിമയത്തിനുമായി ഹോളോഗ്രാം ബോര്‍ഡ് ബോട്ടിന്റെ വീല്‍ഹൗസിനു മുകളിലാണ് ഘടിപ്പിക്കുന്നത്. 360 ഡിഗ്രിയില്‍ വ്യക്തമായ കാഴ്ച ഇത് ഉറപ്പു വരുത്തുന്നു. ഇതിലൂടെ ബോട്ടുകള്‍ തമ്മിലുള്ള കൂട്ടിയിടിയും ഉപ്പുവെള്ളവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതു മൂലം രജിസ്‌ട്രേഷന്‍ ബോര്‍ഡിനുണ്ടാകുന്ന കേടുപാടുകളും ഒഴിവാക്കാനാകും. കടലിന്റെ കഠിനമായ കാലാവസ്ഥയില്‍ ശക്തമായ കാറ്റിനെ നേരിടാന്‍ ഇതിന്റെ ചതുര പിരമിഡ് ഘടനയ്ക്ക് കഴിയും. ബോര്‍ഡിന്റെ നാല് കോണുകളിലും ഹോളോഗ്രാം ഘടിപ്പിക്കുന്നു.
സുരക്ഷാ ഏജന്‍സികള്‍ക്കും ഇത് സഹായകരമാണ്. ബോട്ടുകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്കും കള്ളക്കടത്തിനും തടയിടാന്‍ കഴിയും. അനധികൃത മത്സ്യബന്ധനത്തിനായി നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറുന്ന വിദേശ കപ്പലുകളും ബോട്ടുകളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകാറുണ്ട്. സമുദ്രമേഖലയിലെ എല്ലാ ഭീഷണികളും കണക്കിലെടുത്താണ് ജിപിഎസ്/ ജിപിആര്‍എസ് നെറ്റ് നെറ്റ് വര്‍ക്കിംഗ് ഉള്ള സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ ബോര്‍ഡ് ബോട്ടുകളില്‍ ആവിഷ്‌കരിച്ചത്.
മത്സ്യബന്ധനത്തിന് പോകുന്ന കപ്പലുകള്‍ സാധാരണ 1015 ദിവസം ആഴക്കടലില്‍ (ജി.പി.ആര്‍.എസ് കണക്റ്റിവിറ്റി സോണ്‍) തമ്പടിക്കാറുണ്ട്. ആശയവിനിമയ ശൃംഖല ഇല്ലാത്തതിനാല്‍ ആഴക്കടലിലെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിന് കണ്ടെത്താന്‍ കഴിയാറില്ല. ഈ സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, നേവി തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉപയോഗിച്ച് മാത്രമേ മത്സ്യബന്ധന ബോട്ടുകള്‍ നിരീക്ഷിക്കാന്‍ കഴിയൂ. രജിസ്റ്റര്‍ ചെയ്യാത്ത ഏതെങ്കിലും മത്സ്യബന്ധന ബോട്ടുകളും വ്യാജ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുന്നവരും ദേശീയ കടല്‍ അതിര്‍ത്തിയില്‍ ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് തിരിച്ചറിയാനും പരിശോധിക്കാനും അധികൃതര്‍ക്ക് കഴിയും. സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ ഉപകരണം ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നമ്പറും സീരിയല്‍ നമ്പറും പരിശോധിക്കാനാവുമെന്നതിനാല്‍ വ്യാജനെ വേഗം തിരിച്ചറിയാം