ആലപ്പുഴ: കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളാതുരുത്തി സ്വദേശി പ്രസന്നനാണ് മരിച്ചത്. മുങ്ങിയ ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പ്രസന്നന്റെ മൃതദേഹം. കാര്‍ത്തിക എന്ന ഹൗസ് ബോട്ടാണ് ഇന്ന് രാവിലെ പത്തോടെ കന്നിട്ട ജെട്ടിക്ക് സമീപം മുങ്ങിയത്.
വെള്ളിയാഴ്ച രാത്രി മൂന്ന് തമിഴ്‌നാട് സ്വദേശികളുമായി യാത്ര തിരിച്ച ബോട്ട് ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ജെട്ടിയിലെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ ബോട്ട് ഭാഗികമായി മുങ്ങിയിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഇന്ന് രാവിലെ 10ന് യാത്രക്കാരുടെ ലഗേജ് എടുക്കാനായി ഭാഗികമായി മുങ്ങിയ ബോട്ടില്‍ കയറിയ ജീവനക്കാരനെയാണ് കാണാതായത്. ഇയാള്‍ കയറിയതിന് പിന്നാലെ ബോട്ട് പൂര്‍ണമായി മുങ്ങുകയായിരുന്നു.