ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
ആലപ്പുഴ: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പൂങ്കാവ് വടക്കന്‍ പറമ്പില്‍ പോളിന്റെ ഭാര്യ റീത്താമ്മ (ക്ലാരമ്മ 57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുത പോസ്റ്റിലെ കമ്പി പൊട്ടി ഇവരുടെ പുരയിടത്തില്‍ വീഴുകയായിരുന്നു.
രാത്രി പ്രദേശത്ത് വൈദ്യുതി പോയിരുന്നതിനാല്‍ വൈദ്യുതികമ്പി പൊട്ടി വീണ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റ റീത്തമ്മ വീട്ടുമുറ്റത്ത് വീണു കിടന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റുമ്പോഴാണ് ഇതിനിടയില്‍ കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുന്നത്. ബഹളം കേട്ട് ഭാര്‍ത്താവ് ഓടിയെത്തിയെങ്കിലും ഇദ്ദേഹം ഷോക്കേറ്റ് തെറിച്ചുപോയി. പിന്നീട് സമീപവാസികളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റീത്തമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.