അഞ്ച് ലക്ഷം പേര്‍ക്ക് വീട്; ഭവനനിര്‍മാണത്തുക നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കുമെന്നും യുഡിഎഫ്

Update: 2021-04-02 09:13 GMT

തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്നും ഒരു വീടിന് നാല് ലക്ഷം രൂപ ധനസഹായം എന്നത് ആറ് ലക്ഷമായി ഉയര്‍ത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍ പോലും കോടികളുടെ കൊള്ളയാണ് ഇടതുഭരണകാലത്ത് നടന്നത്. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കുമെന്നും അപാകതകള്‍ പരിഹരിച്ചുകൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കുമെന്നും യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായി കൗണ്‍സില്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച് താഴ്ന്ന വരുമാനക്കാര്‍ക്കായി കുറഞ്ഞ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. നഗരങ്ങളിലും മറ്റും വാടക താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന അനവധി പേര്‍ക്ക് ആശ്വാസമാകുന്നതാണ് ഈ പദ്ധതിയെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കിവച്ച തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമാക്കി ഉയര്‍ത്തും, മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് കാലത്തുണ്ടായിരുന്ന ഭവനപദ്ധതി പുനരാരംഭിക്കും, പബ്ലിക് ഹൗസിങ് നയം രൂപീകരിക്കും, തോട്ടം തൊഴിലാളി മേഖലയിലെ ലയങ്ങള്‍ നവീകരിക്കും, വാസയോഗ്യമല്ലാത്തതും കേടുപാടുകള്‍ സംഭവിച്ചതുമായ എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവരുടെ ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും തുടങ്ങിയവയും വിഭാവനം ചെയ്യുന്നു.

Tags:    

Similar News