ഹൂത്തികള്‍ ആക്രമിച്ചത് 193 കപ്പലുകള്‍
ചെങ്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സഞ്ചരിച്ചിരുന്ന കപ്പലുകളാണ് ആക്രമണത്തിന് ഇരയായത്.
സനആ: ഫലസ്തീനികളുടെ തൂഫാനുല്‍ അഖ്‌സക്ക് പിന്തുണ പ്രഖ്യാപിച്ച് ഇതുവരെ 193 കപ്പലുകള്‍ ആക്രമിച്ചതായി യെമനിലെ ഹൂത്തികള്‍. ചെങ്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സഞ്ചരിച്ചിരുന്ന കപ്പലുകളാണ് ആക്രമണത്തിന് വിധേയമായതെന്ന് സയ്യിദ് അബ്ദുല്‍ മാലിക് ബദ്രുല്‍ദീന്‍ അല്‍ ഹൂത്തി അറിയിച്ചു. സയണിസ്റ്റ് സൈന്യത്തെ സഹായിക്കാന്‍ എത്തിയ അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
യെമനിലെ ഹൂത്തി നാവിക തന്ത്രങ്ങള്‍ വലിയ തോതില്‍ മുന്നേറിയതായി ഇസ്രായേലിന്റെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രൂപീകരിച്ച സഖ്യവും അറിയിച്ചു. ഇസ്രായേലിലെ തുറമുഖങ്ങള്‍ ലക്ഷ്യമായി പോവുന്ന കപ്പലുകളെ ആക്രമിക്കുമെന്ന ഹൂത്തികളുടെ പ്രഖ്യാപനമാണ് ചെങ്കടലിലെ സാമ്രാജ്യത്വ വാണിജ്യ-വ്യാപാര സുരക്ഷയും ഇല്ലാതാക്കിയത്.
1800 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള, കരയില്‍ നിന്ന് വിക്ഷേപിക്കുന്ന തൂഫാന്‍ മിസൈല്‍, 2000 കിലോമീറ്റര്‍ പരിധിയുള്ള സൗമാര്‍ ക്രൂയിസ് മിസൈല്‍, 1800 കിലോമീറ്റര്‍ പരിധിയുള്ള സമദ്-3, സമദ്-4 മിസൈലുകള്‍, 2500 കിലോമീറ്റര്‍ പരിധിയുള്ള വൈദ് ഡ്രോണുകള്‍, 23 അടി വലുപ്പമുള്ള നാവിക ഡ്രോണുകള്‍ എന്നിവയാണ് ഹൂത്തികള്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചത്.
സൈനിക നടപടികള്‍ക്കൊപ്പം ദശലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത നിരവധി ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലികളും ഹൂത്തികള്‍ യെമനില്‍ നടത്തി. ഹൂത്തികളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമിച്ചിട്ടും ഹൂത്തികള്‍ അനുദിനം ഫലസ്തീന് വേണ്ടി ആക്രമണങ്ങള്‍ തുടരുകയാണ്.