ഇസ്രായേലിനെ ഞെട്ടിച്ച് തെല്‍അവീവില്‍ ഹൂഥികളുടെ ഡ്രോണ്‍ ആക്രമണം

*ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു *ഇസ്രായേലിലെ യുഎസ് എംബസിക്ക് സമീപമാണ് ആക്രമണം

Update: 2024-07-19 13:16 GMT

തെല്‍അവീവ്: ഗസയില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേലിനെ ഞെട്ടിച്ച് തലസ്ഥാനമായ തെല്‍അവീവില്‍ ഹൂഥികളുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതീവ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിലെ യുഎസ് എംബസിക്ക് സമീപമാണ് വെള്ളിയാഴ്ച രാത്രി ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂഥികള്‍ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്വേഷണത്തിന് ഉത്തരവിട്ടു. ആക്രമണത്തില്‍ യെവ്‌ജെനി ഫെര്‍ഡര്‍(50) ആണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ ശേഷം രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ബെലാറസില്‍ നിന്ന് ഇസ്രായേലിലേക്കെത്തിയതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗസ യുദ്ധത്തെ തുടര്‍ന്ന് വടക്കന്‍, തെക്ക് അതിര്‍ത്തികളിലെ വീടുകള്‍ ഉപേക്ഷിച്ച നിരവധി ഇസ്രായേലികള്‍ താമസിക്കുന്ന ഹോട്ടലുകളുള്ള പ്രദേശമാണിത്.

    വെള്ളിയാഴ്ച പുലര്‍ച്ചെ 3:12ന് സെന്‍ട്രല്‍ തെല്‍ അവീവിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് പതിച്ചത്. ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് സൈറണുകളൊന്നും മുഴങ്ങിയിരുന്നില്ല. ഡ്രോണ്‍ ഇറാന്‍ നിര്‍മിതമാണെന്നും ദീര്‍ഘദൂരത്തേക്ക് ആക്രമണം നടത്താന്‍ കഴിവുള്ളതാണെന്നും ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിന്റെ വിവരങ്ങളും ഹൂഥികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ തുടക്കമാണിതെന്നും ഗസയിലെ അധിനിവേശം തുടരുന്നിടത്തോളം കാലം ആക്രമണം ശക്തമാക്കുമെന്നും ഹൂഥികള്‍ മുന്നറിയിപ്പ് നല്‍കി. ലബനാനിലെയും ഇറാഖിലെയും ഫലസ്തീനിലെയും ചെറുത്തുനില്‍പ്പ് സംഘങ്ങളുമായി സഹകരിച്ചാണ് ഇസ്രായേലിനെതിരായ നീക്കം. അതിനാല്‍ തന്നെ ഇസ്രായേലികള്‍ എല്ലായിടത്തും കരുതിയിരിക്കേണ്ടി വരും. റഡാര്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ കഴിയുന്ന ഒരു ഡ്രോണ്‍ ആണ് വിക്ഷേപിച്ചതതെന്നും ഹൂഥി പൊളിറ്റിക്കല്‍ ബ്യൂറോ വക്താവ് ഹസാം അല്‍ അസദ് വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിന്റെ വ്യോമമേഖലകളില്‍ സുരക്ഷ ശക്തമാക്കി. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ യുദ്ധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അതേസമയം, ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന് പ്രതിപക്ഷ നേതാവ് യായ്ര്‍ ലാപിഡ് സര്‍ക്കാരിനെ നെതന്യാഹു കുറ്റപ്പെടുത്തി. നെതന്യാഹു സര്‍ക്കാരിന് ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ കഴിയുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News