വിമാനം കയറിയാല്‍ എങ്ങിനെ കോവിഡ് ബാധിക്കുന്നു; വിശദീകരണം ചോദിച്ച് കോടതി
വന്ദേഭാരത് മിഷനു കീഴിലെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് ഹാജരാക്കാനും ബോംബെ ഹൈക്കോടതി എയര്‍ ഇന്ത്യയോടും ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) യോടും ആവശ്യപ്പെട്ടു.
മുംബൈ: വിമാനം കയറിയപ്പോള്‍ രോഗബാധിതരല്ലാത്തവര്‍ക്ക് നാട്ടിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നത് വിമാനങ്ങളിലെ സൂക്ഷ്മതക്കുറവു കാരണമോണോ എന്ന് ബോംബെ ഹൈക്കോടതി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനിടെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റ് ദേവന്‍ കാനാനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്.ജെ കതവല്ല, ജസ്റ്റിസ് എസ്.പി തവാഡെ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ഉന്നയിച്ചത്. വന്ദേഭാരത് മിഷനു കീഴിലെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് ഹാജരാക്കാനും ബോംബെ ഹൈക്കോടതി എയര്‍ ഇന്ത്യയോടും ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) യോടും ആവശ്യപ്പെട്ടു.
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സാമൂഹിക അകലവും പാലിച്ചാണ് പ്രത്യേക വിമാനങ്ങള്‍ പറത്തിയതെന്ന് ഡിജിസിഎയെയും എയര്‍ ഇന്ത്യയെയും പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
വിമാനങ്ങളിലെ മധ്യ സീറ്റുകള്‍ ഒഴിച്ചിടുകയോ അല്ലെങ്കില്‍ അത്തരം സീറ്റുകള്‍ അനുവദിക്കുന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ മറയ്ക്കാവുന്ന ഗൗണുകള്‍ നല്‍കുകയോ ചെയ്യണമെന്ന് മെയ് 25 ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.