എന്‍ഡിടിവിയില്‍ അദാനി പിടിമുറുക്കിയതെങ്ങനെ?

Update: 2022-08-24 15:36 GMT

ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് മാധ്യമസ്ഥാപനമായ എന്‍ഡിടിവിയും ഒടുവില്‍ അദാനിയുടെ കയ്യിലാവുന്നു. തങ്ങളുടെ സബ്‌സിഡിയറി കമ്പനിയിലൂടെ വളഞ്ഞ വഴിയിലാണ് അദാനി എന്റര്‍പ്രൈസസ് എന്‍ഡിടിവിയെ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇപ്പോഴത്തെ ഇടപാടുകള്‍ പൂര്‍ത്തിയായാല്‍ 29.18 ശതമാനം ഓഹരിയാണ് അദാനിയുടെ കയ്യിലാവുക. ഇതുകൊണ്ടുമാത്രം എന്‍ഡിടിവിയെ അദാനിക്ക് സ്വന്തമാക്കാനാവില്ല. ഓപണ്‍ ഓഫറിലൂടെ 26 ശതമാനം ഓഹരി സ്വന്തമാക്കാനുള്ള സാധ്യത അദാനിയുടെ മുന്നിലുണ്ട്. ഇത് എന്‍ഡിടിവിയെ നിയന്ത്രിക്കുന്നതിനുളള വലിയ അധികാരമാണ് അദാനിക്ക് നല്‍കുക.

ഇന്ത്യയിലെ ഏറ്റവും ധനികനെന്ന് കണക്കാക്കപ്പെടുന്ന ഗൗതം അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ ആളായാണ് കരുതപ്പെടുന്നത്. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ വിമര്‍ശകരായി കരുതപ്പെടുന്ന മാധ്യമങ്ങളിലൊന്നാണ് എന്‍ഡിടിവി.

എന്‍ഡിടിവിയുടെ സ്ഥാപകരായ രാധികാറോയിയും പ്രണോയ് റോയിയും ഈ വാര്‍ത്ത അമ്പരപ്പോടെയാണ് സ്വീകരിച്ചത്. എന്നാല്‍ അദാനിയുടെ കയ്യിലേക്കുള്ള ഈ മാധ്യമസ്ഥാപനത്തിന്റെ യാത്ര ഒന്നര ദശകം മുന്നേ ആരംഭിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

അദാനി എന്റര്‍പ്രൈസസിന്റെ മാധ്യമവിഭാഗമായ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്, വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരിയും 113.74 കോടി രൂപക്ക് വാങ്ങിയിരുന്നു. അതുവഴിയാണ് എന്‍ഡിടിവിയുടെ ഓഹരി അദാനിയിലേക്ക് എത്തിയത്.

ഒരു കണ്‍സള്‍ട്ടന്റ് സര്‍വീസ് കമ്പനിയായി വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് 2008ലാണ് സ്ഥാപിക്കപ്പെട്ടത്. പക്ഷേ, കമ്പനിയുടെ പേരില്‍ ആസ്തിയൊന്നുമില്ലായിരുന്നു. 2009ല്‍ ഈ കമ്പനി 403.85 കോടി രൂപ രാധിക പ്രണോയ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കി. എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരി ഈ കമ്പനിയുടെ കയ്യിലായിരുന്നു. ഷിനാനൊ റിട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് വിശ്വപ്രധാന് വായ്പ നല്‍കാനുള്ള പണം നല്‍കിയത്. ഷിനാനൊ റിട്ടെയിലിന് ഈ പണം ലഭിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്നും. പേര് സൂചിപ്പിക്കും പോലെ ഈ കമ്പനി റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമാണ്. എന്‍ഡിടിവിക്ക് പണം നല്‍കുന്ന സമയത്ത് ഷിനാനൊ പൂര്‍ണമായും റിലയന്‍സിന്റെ ഭാഗമായിരുന്നു.

കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിലെ രേഖകള്‍പ്രകാരം ഈ ഇടപാടുകള്‍ നടക്കുന്ന സമയത്ത് ഈ കമ്പനികള്‍ പരസ്പരം ബന്ധപ്പെട്ടവയായിരുന്നു. വിശ്വപ്രധാനിന്റെ ഡയറക്ടര്‍മാര്‍ ആ സമയത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സീനിയര്‍ എക്‌സിക്യൂട്ടിവുകളുമായിരുന്നു.

2012ല്‍ വിശ്വപ്രധാന്റെ ഉടമസ്ഥതയില്‍ മാറ്റമുണ്ടായി. ഇക്കാര്യം കമ്പനി കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ നിന്ന് വ്യക്തമാണ്. നെക്റ്റ് വേവ് ടെലി വെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡും സ്‌കൈബ്ലൂ ബില്‍ഡ് വെല്‍ പ്രൈവറ്റ് ലിമിറ്റഡുമായിരുന്നു പുതിയ ഉടമസ്ഥര്‍. ഈ രണ്ട് കമ്പനികളും മഹേന്ദ്ര നഹതയുമായി ബന്ധപ്പെട്ടവയാണ്. മഹേന്ദ്ര നഹത റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടറാണ്. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡാവട്ടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സബ്‌സിഡിയറിയുമാണ്.

എമിനന്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഇതിനിടയിലുണ്ട്. ഈ കമ്പനിയുടെ ഉടമ നേരത്തെ പറഞ്ഞ നഹതയാണ്. അദ്ദേഹത്തിന്റെ കമ്പനി വിശ്വപ്രധാന്‍ ഷിനാനൊയില്‍നിന്ന് വങ്ങിയ 50 കോടി ഏറ്റെടുത്തു. തങ്ങള്‍ക്ക് ലഭിച്ച 50 കോടി വിശ്വപ്രധാന്‍ ഷിനാനൊക്ക് കൈമാറി ലോണ്‍ തീര്‍ത്തതായി പ്രഖ്യാപിച്ചു. പക്ഷേ, 400 കോടി വാങ്ങിയ സ്ഥാനത്ത് 50 കോടി തിരിച്ചുനല്‍കിയാല്‍ കടം വീടുന്നതെങ്ങനെയെന്ന് രേഖകളില്‍ നിന്ന് വ്യക്തമല്ല.

ഈ വര്‍ഷം കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് വിശ്വപ്രധാന്‍ സമര്‍പ്പിച്ച പ്രസ്താവനകള്‍പ്രകാരം വിശ്വപ്രധാന്‍ പൂര്‍ണ്ണമായും നെക്സ്റ്റ് വേവ് ടെലിവെഞ്ചറിന്റെ ഉടമസ്ഥതയിലായിരുന്നു. ചൊവ്വാഴ്ച അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതുവരെ ഇതായിരുന്നു സ്ഥിതി.

എന്‍ഡിടിവി വിശ്വപ്രധാനില്‍ നിന്ന് എടുത്ത വായ്പ ഒരിക്കലും തിരികെ നല്‍കിയിട്ടില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. 2015ല്‍ കാരവന്‍ റിപോര്‍ട്ട് ചെയ്തതുപോലെ രാധികാ റോയ് പ്രണോയ് റോയ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.9 ശതമാനം ഓഹരിയും വിശ്വപ്രധാന് കൈവശപ്പെടുത്താന്‍ കഴിയുംവിധമായിരുന്നു വായ്പാനിബന്ധന. പ്രണോയ് റോയിയുടെ എന്‍ഡിടിവിയിലുള്ള നിയന്ത്രണം വളരെ നേരത്തെ നഷ്ടമായിരുന്നു.

പ്രണോയ് റോയിക്ക് അവസാന അടി നല്‍കിയത് പക്ഷേ, റിലയന്‍സ് അല്ല, അദാനി ഗ്രൂപ്പാണ്.

റോയിക്ക് ഇപ്പോള്‍ എന്‍ഡിടിവിയില്‍ 32.27 ശതമാനം ഓഹരിയുണ്ട്. അദാനിയേക്കാള്‍ കൂടുതല്‍. പക്ഷേ, അതിന് ഉടന്‍ മാറ്റം വരും. ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് പ്രകാരം എല്‍ടിഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് എന്‍ഡിടിവിയുടെ 9.75 ശതമാനം കൈവശംവച്ചിരിക്കുന്നത്. ഇത് അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയാണ്.

മറ്റ് നാല് ഓഹരി ഉടമകള്‍കൂടിയുണ്ട് എന്‍ഡിടിവിക്ക്, അവര്‍ക്ക് നാലും കൂടി 7.11 ശതമാനം ഓഹരിയുണ്ട്. ഇവര്‍ തങ്ങളുടെ ഓഹരികള്‍ ഓപണ്‍ ഓഫര്‍ വഴി വിറ്റാല്‍ അത് അദാനിയുടെ കയ്യിലെത്തും. അതോടെ അദാനിയുടെ ഓഹരി വിഹിതം 46 ശതമാനമാവും.

അതായത് തങ്ങളുടെ എതിരാളികളുടെ കയ്യിലിരുന്ന ഒരു ചാനല്‍ പ്രധാനമന്ത്രിയുടെ അടുത്ത കയ്യാളായ അദാനിയുടെ കയ്യില്‍ വളഞ്ഞവഴിയിലൂടെ എത്തിച്ചേരുകയാണ്. ഈ ചാനലാകട്ടെ പ്രധാനമന്ത്രി ഒരിക്കല്‍പ്പോലും തന്റെ മുഖം കാണിക്കാന്‍ ഇഷ്ടപ്പെടാതിരുന്നതും.

Tags:    

Similar News