എങ്ങിനെയാണ് ഇന്ത്യയില്‍ ഒരു 'തീവ്രവാദി നിര്‍മിക്കപ്പെടുന്നത്' ? വീഡിയോ ഷോയുമായി വാഹിദ് ഷെയ്ഖ്
2015 ഏപ്രിലില്‍, ഒന്‍പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, പ്രത്യേക കോടതി എല്ലാ കുറ്റങ്ങളും ഷെയ്ക്കിനെ കുറ്റവിമുക്തനാക്കിയപ്പോള്‍, പുതിയ ജീവിതമാണ് വാഹിദ് ഷെയ്ഖ് ആരംഭിച്ചത്. തന്നെപ്പോലെ ഇരയാക്കപ്പെട്ടവരുടെ ജീവിതം പുറത്തെത്തിക്കുന്നതിന് 2020 ഓഗസ്റ്റില്‍ അദ്ദേഹം അക്വിറ്റ് അണ്ടര്‍ട്രയല്‍ എന്ന പേരില്‍ ഒരു യൂട്യൂബ് സീരീസ് ആരംഭിച്ചു.
2015 ഏപ്രിലില്‍, ഒന്‍പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, പ്രത്യേക കോടതി എല്ലാ കുറ്റങ്ങളും ഷെയ്ക്കിനെ കുറ്റവിമുക്തനാക്കിയപ്പോള്‍, പുതിയ ജീവിതമാണ് വാഹിദ് ഷെയ്ഖ് ആരംഭിച്ചത്. തന്നെപ്പോലെ ഇരയാക്കപ്പെട്ടവരുടെ ജീവിതം പുറത്തെത്തിക്കുന്നതിന് 2020 ഓഗസ്റ്റില്‍ അദ്ദേഹം അക്വിറ്റ് അണ്ടര്‍ട്രയല്‍ എന്ന പേരില്‍ ഒരു യൂട്യൂബ് സീരീസ് ആരംഭിച്ചു. 'ഈ പരമ്പര ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി, കാരണം അത്തരം നിരവധി കഥകള്‍ പുറത്തുവരേണ്ടതുണ്ട്,' വാഹിദ് ഷെയ്ഖ് പറഞ്ഞു.
എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി നേടിയ ഭോപ്പാലിലെ മുഹമ്മദ് നൂറിനെ (51) 2002ലാണ് തീവ്രവാദി ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്തത്. സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യിലേക്ക് റിക്രൂട്ട് ചെയ്യുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തുവെന്നായിരുന്നു അരോപണം. 2013 ല്‍ ഒരു മജിസ്‌ട്രേറ്റ് കോടതിയില്‍ നൂര്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ 2014ല്‍ ഒരു സെഷന്‍സ് കോടതിയില്‍ അദ്ദേഹം വിധി ചോദ്യം ചെയ്ത് ഹരജി നല്‍കി. രണ്ട് വര്‍ഷത്തിന് ശേഷം സെഷന്‍സ് കോടതി നൂറിനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കി. കേസില്‍ ശ്രദ്ധേയമായ തെളിവുകളൊന്നും നല്‍കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നു പറഞ്ഞാണ് കോടതി നൂറിനെ വെറുതെവിട്ടത്. നൂറില്‍ നിന്ന് കണ്ടെടുത്ത 4.5 ലക്ഷം രൂപ സിമി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ചതാണ് എന്ന ഏക ആരോപണത്തില്‍ തൂങ്ങി മറ്റു തെളിവുകളെല്ലാം പോലീസ് പടച്ചുണ്ടാക്കുകയായിരുന്നു. തന്റെ സ്വന്തം അകൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണത്തിന്റെ പേരിലാണ് കേസില്‍ കുടുക്കിയത് എന്നാണ് നൂറിന്റെ വാദം. 'ചുരുക്കത്തില്‍, സ്വന്തം അകൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതാണ് അദ്ദേഹത്തിന്റെ കുറ്റം,' ഷെയ്ഖ് പറഞ്ഞു.
' ഇന്ത്യയില്‍, ഏത് മുസ്‌ലിമിനെതിരെയും തീവ്രവാദം ആരോപിക്കപ്പെടാം. അവരെ അറസ്റ്റു ചെയ്യുമ്പോള്‍ വലിയ വാര്‍ത്തകള്‍ നല്‍കുന്നു. വെറുതെ വിട്ടാല്‍ അത് ശ്രദ്ധയില്‍പ്പെടാതെ ഒഴിവാക്കുകയും ചെയ്യുന്നു.' ഷെയ്ക് പറയുന്നു. ഏറ്റവും മിടുക്കരായിട്ടുള്ളവരെ ആക്രമിച്ച സമുദായത്തില്‍ ഭയം സൃഷ്ടിക്കുക എന്നതാണ് പോലിസിന്റെ തന്ത്രമെന്ന് ഹൂബ്ലി ബോംബ്‌സ്‌ഫോടനക്കേസ് സംബന്ധിച്ചുള്ള പരിപാടിയില്‍ വാഹിദ് ഷെയ്ഖ് പറഞ്ഞു. കേസില്‍ കുടുക്കി പോലീസ് അറസ്റ്റു ചെയ്ത വാഹിദ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്നു, പര്‍വേജ് ഖാന്‍ ഒരു പത്രത്തില്‍ ജോലി ചെയ്യുകയായിരുന്നു, ആസിഫ് ഖാന്‍ സിവില്‍ എഞ്ചിനായിരുന്നു. യഹ്‌യ ഇയാഷ് കമ്മുക്കുട്ടി സോഫ്റ്റ വെയര്‍ എഞ്ചിനീയറായിരുന്നു, വസീഫ് ഹൈദര്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു, ഫറാഗ് മഖ്ദൂമി ഡോക്ടറായിരുന്നു. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരെയും വര്‍ഷങ്ങളോളം ജയിലിലടച്ചു. പക്ഷേ പിന്നീട് തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടു.
ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് നിസാറുദ്ദീനെ 1994 ജനുവരിയിലാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. 23 വര്‍ഷമാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. ടാഡ ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകളും ചുമത്തിയിരുന്നു. ഈ കേസില്‍ പോലിസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും വാങ്ങിയ കുറ്റസമ്മത മൊഴി മാത്രമായിരുന്നു കോടതിക്കു മുന്നിലുണ്ടായിരുന്നത്. രണ്ട് വയസ്സിന് താഴെയുള്ള സഹോദരനായ സഹീറുദ്ദീനെയും ഇപ്രകാരം തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സിവില്‍ എഞ്ചിനീയറായിരുന്ന സഹീറിനെ മുംബൈയില്‍ നിന്ന് 1994 ഏപ്രിലിലാണ് കസ്റ്റഡിയിലെടുത്തത്. 14 വര്‍ഷമാണ് സഹീര്‍ ജയിലില്‍ കഴിഞ്ഞത്. ശ്വാസകോശ അര്‍ബുദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ സുപ്രീം കോടതി 2008 മെയ് 9 ന് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. ഒടുവില്‍ മുഹമ്മദ് നിസാറുദ്ദീനെയും സഹീറുദ്ദീനെയും സുപ്രിം കോടതി 2016ല്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തരാക്കി വെറുതെ വിട്ടു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കു മുന്നില്‍ ഈ രണ്ട് മുസ്‌ലിം സഹോദരങ്ങളുടെയും നിരപരാധിത്വം തെളിയിക്കപ്പെട്ടപ്പോഴേക്കും നിസാറുദ്ദീന് 23 വര്‍ഷവും സഹീറുദ്ദീന് 14 വര്‍ഷവും ജയിലില്‍ നഷ്ടപ്പെട്ടിരുന്നു.
ഭീകരത, രാജ്യദ്രോഹം, പ്രതിരോധ തടങ്കല്‍ നിയമങ്ങള്‍ എന്നിവ പ്രകാരം അന്യായമായി തടവില്‍ അടക്കപ്പെട്ട് ഒടുവില്‍ മോചിതരായ 245 മുസ്‌ലിം പുരുഷന്മാരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്ന് വാഹിദ് ഷെയ്ഖ് പറയുന്നു. ' ഇത്തരം അന്യായ അറസ്റ്റിലൂടെ നൂറുകണക്കിന് ജീവിതങ്ങള്‍ നശിച്ചു, എണ്ണമറ്റ മണിക്കൂറുകള്‍ പാഴായി, ദശലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു, പതിറ്റാണ്ടുകള്‍ നഷ്ടപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഒരിക്കലും നീതി ലഭിച്ചിട്ടില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ' വാഹിദ് ഷെയ്ഖ് പറയുന്നു.