ജല്ലിക്കട്ടിലെ മനുഷ്യചരിത്രം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമയുടെ സാമൂഹിക ഇടപെടല്‍ സംബന്ധിച്ച് യാസിര്‍ അമീന്‍ എഴുതുന്നു

Update: 2019-10-10 06:16 GMT

ശ്വാസോച്ഛ്വാസത്തിന്റെ താളത്തില്‍ മുറിയുന്ന ഷോട്ടുകളോടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന വലിയ സിനിമയുടെ ഓപണിങ്. സിനിമയുടെ വിഷ്വല്‍ ട്രീറ്റിന് അപ്പുറം ചര്‍ച്ച ചെയ്യേണ്ടതായ ഒരു യൂനീവേല്‍സല്‍ തിയറി സിനിമ ഉയര്‍ത്തുന്നുണ്ട് എന്നതുകൊണ്ട് തന്നെ ആ തരത്തിലുള്ള വിലയിരുത്തല്‍ സിനിമ ആവശ്യപ്പെടുന്നു. മനുഷ്യനും മൃഗവും എന്ന താരതമ്യത്തിനപ്പുറം സാമൂഹ്യ ജീവിയായ മനുഷ്യന്റെ പരിണാമ ചരിത്രമാണ് അതിഗംഭീരമായ വിഷ്വല്‍ ട്രീറ്റിലൂടെ സിനിമ കൈകാര്യം ചെയ്യുന്നത്.

ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയെ മൂന്നായി തിരിക്കാം. 1. സിനിമയിലെ പ്രധാന കഥാപാത്രമായ പോത്ത് വിരണ്ടോടുന്നതിന് മുമ്പുള്ള സിനിമയുടെ ഭാഗം. 2. രണ്ടാമതായി പോത്ത് വിരണ്ടോടിയതിന് ശേഷമുള്ള ഭാഗം. 3. മുറിപ്പെട്ട പോത്ത് പാടത്തെ ചേറിലേക്ക് ഇറങ്ങുന്നത് മുതല്‍ സിനിമ അവസാനിക്കുന്നത് വരെയുള്ള അവസാന ഭാഗം. ഇങ്ങനെ മൂന്നായി ഈ സിനിമയെ ഭാഗിക്കാം. ഏതാനും മിനുറ്റുകള്‍ മാത്രമുള്ള ആദ്യഭാഗം സംസ്‌കാരചിത്തരായ ഒരു സമൂഹത്തെയാണ് ചുരുങ്ങിയ ഷോട്ടുകള്‍ കൊണ്ട് ലിജോ വരച്ചിടുന്നത്.

അവിടെ, വരി നിന്ന് അച്ചടക്കത്തോടെ ഇറച്ചി വാങ്ങുന്നുണ്ട്. പള്ളിയില്‍ പോകുന്നുണ്ട്. കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്. കള്ളുഷാപ്പിലും വീടുകളിലും ഓര്‍ഡര്‍ അനുസരിച്ച് ഇറച്ചി വിതരണം ചെയ്യുന്നുണ്ട്. വര്‍ത്തമാനത്തില്‍ നിന്ന് നോക്കുമ്പോള്‍ വളരെ സാധാരണത്വമുള്ള ഒരു സമൂഹം. നിയമങ്ങള്‍ ലംഘിക്കാത്ത, മൂല്യബോധത്തിലൂന്നിയ ഒരു കാലത്തിലേക്ക് പരിണമിച്ച സമൂഹം. സാമൂഹിക ചിന്തകന്‍ അഗസത് കോംറ്റെയുടെ പ്രയോഗം കടമെടുക്കുകയാണെങ്കില്‍ പോസിറ്റീവ് സൊസൈറ്റി.

രണ്ടാമത്തെ ഭാഗം പോത്ത് വിരണ്ടോടിയതിന് ശേഷമുള്ള സീനുകള്‍. സോഷ്യല്‍ സൈക്കിള്‍ തിയറിയുടെ വെളിച്ചെത്തില്‍ പറഞ്ഞാല്‍, അധികാരം (power) കയ്യാളുന്ന ഒരുകൂട്ടം ആളുകള്‍, സമൂഹം. ഇവിടെ, അവരെ ഭരിക്കുന്നതോ ഒതുക്കുന്നതോ ആയ സാമുഹിക സ്ഥാപനങ്ങളോ ചിഹ്നങ്ങളോ ഇല്ല. പോലീസ് ജീപ്പ് അഗ്‌നിക്കിരയാക്കുന്നതോടെ സംവിധായകന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. യൂനിഫോം മാറ്റി ലുങ്കി എടുക്കുന്നതോടെ എസ്‌ഐയും ആ കൂട്ടത്തില്‍ ഒരാളായി മാറുന്നു. പോത്തിനെ കുടുക്കാനാവശ്യമായ കമ്പിവേലി, റബര്‍ ഷീറ്റ്, ഇന്ധനം ഇതെല്ലാം ഈ കൂട്ടം കൈക്കലാക്കുന്നത് അനുവാദമില്ലാതെ, ആള്‍ക്കൂട്ടത്തിന്റെ അധികാര ബലത്തിലാണ്. സാമൂഹിക പരിണാമത്തിന്റെ ആദ്യ കാലങ്ങളില്‍ മൃഗസമാനമായി, ഒരു 'കൂട്ടം' മാത്രമായി ജീവിച്ച മനുഷ്യന്റെ ചരിത്രത്തെ കുറിക്കുന്നതാണ് സിനിമയിലെ ഈ ഭാഗം. 'രണ്ട് കാലില്‍ ഓടുന്നുണ്ടേലും അവന്മാര് മൃഗമാ.. . മൃഗം..' എന്ന് ഒരു കഥാപാത്രം പറയുന്നത് ഈ അവസരത്തിലാണ്.

മൂന്നാമത്തെ ഭാഗം, കുന്തവും (കൂര്‍ത്ത കമ്പ്) മറ്റും കൊണ്ട് മുറിപ്പെട്ട പോത്ത് പാടത്തെ ചേറിലേക്ക് ഇറങ്ങുന്നത് മുതല്‍ സിനിമ അവസാനിക്കുന്നത് വരെയുള്ള ഭാഗം. ഇവിടെ എത്തുമ്പോഴേക്കും മനുഷ്യചരിത്രം പൂര്‍ണമായി ശിലാ യുഗത്തിലേക്ക് എത്തുന്നു. ഇവിടെ 'കൂട്ടം' ഇല്ല. ഞാനും ഞാന്‍ അല്ലാത്തവരും എന്ന ഈഗോ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മെറ്റഫോറിക്കലായ ദൃശ്യങ്ങളിലൂടെയാണ് സംവിധായകന്‍ ഈ ചരിത്രം പറയുന്നത്. 'ഞാന്‍' അല്ലാത്ത ഏതൊരാളും ശത്രുവോ തനിക്ക് അവകാശപ്പെട്ടതെന്ന് അവന്‍ വിശ്വസിക്കുന്ന ഒന്ന് തട്ടിയൈടുക്കാന്‍ വന്നവനോ ആണ്. അത്‌കൊണ്ട്തന്നെ ഇവിടെ 'ഞാന്‍' എന്ന ഈഗോ സ്വയമെ അക്രമോത്സുകമാണ്. വയലന്‍സിന്റെ മാരകമായ മെറ്റഫോറിക്കല്‍ വിഷ്വല്‍സിലൂടെ ലിജോ 'ഞാന്‍' എന്ന ഈഗോയ്ക്ക് അടിവരയിടുന്നു. അതുവരെ റിയലിസ്റ്റിക് വിഷ്വല്‍സിലൂടെ സഞ്ചരിച്ച സിനിമ അവിടെ മുതല്‍ മാജിക്കല്‍ റിയലിസത്തിലേക്ക് വഴിമാറുന്നുണ്ട്.

അതുവരെ കൂട്ടം കൂട്ടമായി സഞ്ചരിച്ചവര്‍ അവിടെ മുതല്‍ തനിച്ചാണ് സഞ്ചരിക്കുന്നത്. ഈ ഭാഗത്ത് ഭാഷ അപ്രത്യക്ഷമാകുന്നു. അലര്‍ച്ചയും മുരള്‍ച്ചയും മാത്രമായി 'ഭാഷ' പിറകോട്ട് സഞ്ചരിക്കുന്നു. മനുഷ്യന്‍ ശിലാ യുഗത്തിലേക്ക് തിരികെപോകുകയാണ്.

നാഗരികരായ ആയ ഒരു സമൂഹത്തില്‍ നിന്ന് പിറകിലേക്ക് കഥ പറയുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനം. അതുകൊണ്ട്തന്നെ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഗോത്രമനുഷ്യനില്‍ നിന്ന് നമ്മള്‍ ശരിക്കും പുരോഗതി പ്രാപിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം ബാക്കിയാവും. ഗോത്രശബ്ദങ്ങള്‍ മാത്രം ഉപയോഗിച്ച് ചെയ്ത പശ്ചാത്തല സംഗീതം സിനിമയ്ക്ക് മറ്റൊരു വൈകാരികതലം നല്‍കുന്നുണ്ട്. മലയാളത്തിലെ ലോകസിനിമ തന്നെയാണ് ജല്ലിക്കട്ട്..

Tags:    

Similar News