ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനാവാത്തതാണ് തിരിച്ചടിയായത്. രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ ചിത്രം അവസാന അഞ്ച് സിനിമകളെ തിരഞ്ഞെടുത്തപ്പോള്‍ പുറത്താവുകയായിരുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് തിരഞ്ഞെടുക്കപ്പെട്ടെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്.
അതേസമയം, അതിനിടെ ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വചിത്രം 'ബിട്ടു' അടുത്ത ഘട്ടത്തിലേക്ക് കടന്നു. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാര്‍ച്ച് 59 വരെ നടക്കും. മാര്‍ച്ച് 15 നാണ് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുക. ഫെബ്രുവരിയില്‍ നടത്താനിരുന്ന 93ാമത് ഓസ്‌കര്‍ പുരസ്‌കാര വിതരണം കൊറോണ മഹാമാരി കാരണം ഏപ്രില്‍ 25ലേക്ക് മാറ്റുകയായിരുന്നു.
കയര്‍ പൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാന്‍ ഒരു ഗ്രാമവാസികള്‍ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിനു എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. 2019ലെ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍പ്പിച്ചിരുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
മാഡ്‌സ് മിക്കല്‍സണ്‍ അഭിനയിച്ച തോമസ് വിന്റര്‍ബെര്‍ഗിന്റെ അനദര്‍ റൗണ്ട്, ആന്‍ഡ്രി കൊഞ്ചലോവ്‌സ്‌കിയുടെ ഡിയര്‍ കൊമ്രേഡ്‌സ്(റഷ്യ), അഗ്‌നിസ്‌ക ഹോളണ്ടിന്റെ ചാര്‍ലാറ്റന്‍(ചെക്ക് റിപ്പബ്ലിക്), രണ്ട് ഡോക്യുമെന്ററികളായ ദി മോള്‍ ഏജന്റ്(ചിലി), കലക്റ്റീവ്(റൊമാനിയ) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 93 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് ചലച്ചിത്ര വിഭാഗത്തില്‍ യോഗ്യത നേടിയത്.
'Jallikattu', India's official entry for the Oscars, fails to make the cut