ലൈവ് ആക്ഷന്‍ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്‌ലിമായി റിസ് അഹമ്മദ്

കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് നഷ്ടമായ അക്കാഡമി പുരസ്‌കാരമാണ് റിസ് അഹമ്മദ് ഇക്കുറി സ്വന്തമാക്കിയത്.

Update: 2022-03-28 15:23 GMT

ലോസ് ആഞ്ചലസ്: മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വ ഫിലിമിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ മുസ്‌ലിമായി ബ്രിട്ടീഷ് പാകിസ്താന്‍ നടന്‍ റിസ് അഹമ്മദ്. കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് നഷ്ടമായ അക്കാഡമി പുരസ്‌കാരമാണ് റിസ് അഹമ്മദ് ഇക്കുറി സ്വന്തമാക്കിയത്.

അനില്‍ കരിയയ്‌ക്കൊപ്പമാണ് റിസ് അഹമ്മദ് ഓസ്‌കാര്‍ പങ്കിട്ടത്. 'ദി ലോങ് ഗുഡ് ബൈ' എന്ന ഹ്രസ്വ ഫിലിമിനാണ് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍ കൂടിയാണ് റിസ് അഹമ്മദ്.

വേദിയില്‍ ഓസ്‌കാര്‍ പുരസ്‌കാരം സ്വീകരിച്ച് റിസ് അഹമ്മദ് നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധേയമായിരുന്നു. 'വിഭജിത കാലഘട്ടത്തില്‍ നമ്മളും അവരും ഇല്ല, മറിച്ച് നമ്മള്‍ മാത്രമാണുള്ളതെന്നതാണ് ഈ കഥ ഓര്‍മിപ്പിക്കുന്നത്' എന്നായിരുന്നു റിസ് അഹമ്മദിന്റെ പ്രതികരണം.'അത്തരം വിഭജിക്കപ്പെട്ട സമയങ്ങളില്‍' ഒരുമയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും 'തങ്ങളുടേതല്ലെന്ന് തോന്നുന്ന എല്ലാവര്‍ക്കും' തന്റെ അംഗീകാരം സമര്‍പ്പിക്കുകയും ചെയ്യുന്നതായി ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ആരുമില്ലാത്ത നാട്ടില്‍ ഒറ്റപ്പെട്ടു പോയതായി കരുതുന്നവര്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയുക. സമാധാനം പുലര്‍ന്ന ഭാവിയില്‍ നാമെല്ലാം കണ്ടുമുട്ടും-റിസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന്റെ പ്രാന്ത പ്രദേശത്തുനിന്നുള്ള ഒരു ദക്ഷിണേഷ്യന്‍ കുടുംബം, മുഖം മൂടി ധാരികളായ സായുധര്‍ സംഘര്‍ഷം സൃഷ്ടിച്ച് അവരുടെ ജീവിതം തടസ്സപ്പെടുത്തുന്നതിനു മുമ്പ് ഒരു വിവാഹത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതാണ് ഹ്രസ്വ ചിത്രം.

കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ റിസ് അഹമ്മദിനെ തേടിയെത്തിയിരുന്നു. സൗണ്ട് ഓഫ് മെറ്റല്‍ എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച നടനുള്ള പട്ടികയില്‍ റിസ് അഹമ്മദ് ഇടം നല്‍കിയത്. കേള്‍വി ശക്തി നഷ്ടമായ റോക്ക് ആന്റ് റോള്‍ ഡ്രമ്മറുടെ കഥാപാത്രമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

2017ല്‍ മികച്ച നടനുള്ള എമ്മി പുരസ്‌കാരവും റിസ് അഹമ്മദ് സ്വന്തമാക്കിയിരുന്നു. ലിമിറ്റഡ് സീരീസ് വിഭാഗത്തിലാണ് ദി നൈറ്റ് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് റിസ് അഹമ്മദിന് പുരസ്‌കാരം ലഭിച്ചത്. എമ്മി ലഭിക്കുന് ആദ്യ മുസ്‌ലിം, ആദ്യ ഏഷ്യന്‍ നടനെന്ന ചരിത്രവും അദ്ദേഹം അന്ന് സ്വന്തം പേരില്‍ കുറിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ അഹമ്മദിന്റെ അതേ പേരിലുള്ള ആല്‍ബത്തില്‍ നിന്നുള്ള സംഗീതം ഉള്‍പ്പെടുത്തിയാണ് ദി ലോംഗ് ഗുഡ്‌ബൈ പുറത്തിറങ്ങിയത്.


Tags:    

Similar News