ഗര്‍ഭിണിയോട് ചെയ്തത് മനുഷ്യാവകാശ ലംഘനം; കര്‍ശന നടപടി വേണമെന്ന് എസ്‌കെഎസ്എസ്എഫ്

വകുപ്പ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.

Update: 2020-09-28 09:26 GMT

മലപ്പുറം: കൊവിഡ് മുക്തയായ ഗര്‍ഭിണിയോട് പ്രസവ ചികില്‍സക്കു നേരെ മുഖം തിരിഞ്ഞു നിന്ന ആശുപത്രി അധികൃതരുടെ മനുഷ്യത്വ രഹിത സമീപനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ അങ്ങേയറ്റം ഗൗരവമായി ഇതു കാണണമെന്നും എസ്‌കെഎസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.

കൊവിഡ് മുക്തയായതിനാല്‍ ചികില്‍സയില്ലെന്നും, കൊവിഡ് ഉണ്ടായിരുന്നതിനാല്‍ ചികില്‍സിക്കാനാവില്ലെന്നും പറഞ്ഞു രോഗിയെ വെച്ചു തട്ടിക്കളിക്കുന്ന ഗൗരവത്തെ ഉള്‍കൊണ്ടു വേണം ഈ സംഭവത്തിലെ തുടര്‍ നടപടി. മണിക്കൂറുകളോളം കഴിഞ്ഞ ശേഷവും വേദനയോടെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതും, ഒപി സമയം കഴിഞ്ഞതിന്റെ പേരിലും കൊവിഡ് റിസള്‍ട്ടിന്റെ പേരിലും മടക്കി വിട്ടതും മനുഷ്യത്വപരമായ സമീപനമല്ല. വകുപ്പ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.

സമരങ്ങള്‍ക്കിടയിലെ താല്‍കാലിക നടപടികളോ, കേവല അന്വേഷണം നടത്തി മാറ്റി നിര്‍ത്തലോ, രാഷ്ട്രീയ ഇടപെടലുകളോ മുഖേനെ അന്വേഷണവും നടപടികളും കളങ്കപ്പെട്ടുകൂടാ. അര്‍ഹമായ ചികില്‍സക്കുള്ള അവകാശം നിഷേധിക്കുന്നവര്‍ക്കെതിരേ മാതൃകാപരമായ നടപടി ഉടന്‍ കൈകൊള്ളണം. അതോടൊപ്പം

അടിയന്തിര ഘട്ടങ്ങളിലും, കൊവിഡ് പോലുള്ള രോഗങ്ങള്‍ ഭേദമായവരുടെയും തുടര്‍ ചികില്‍സ നിഷേധിക്കാനോ, സാങ്കേതിക തടസ്സങ്ങള്‍ കാണിച്ചു ചികില്‍സ വൈകാനോ ഇടയാവാത്ത വിധം , എല്ലാവര്‍ക്കും ചികില്‍സ ഉറപ്പു വരുത്തുന്നതിന് ആരോഗ്യ രംഗത്ത് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപെട്ടു. പ്രസിഡന്റ് പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സഹ ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News