കണ്ണുരുട്ടുമ്പോഴേക്ക് മുട്ടുവിറക്കുന്ന ഭീരുക്കളല്ല മുസ്‌ലിംകള്‍: ഹൈദറലി തങ്ങള്‍

പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്ന് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കങ്ങളാണ് സഘപരിവാര്‍ ശക്തികള്‍ നടത്തുന്നത്.

Update: 2020-01-19 16:22 GMT

പെരിന്തല്‍മണ്ണ: സംഘപരിവാര്‍ കണ്ണുരുട്ടുമ്പോഴേക്ക് മുട്ടുവിറക്കുന്ന ഭീരുക്കളല്ല മുസ്‌ലിംകളെന്ന് ഭരണാധികാരികളെ ഓര്‍മപ്പെടുത്തുന്നുവെന്ന് ഹൈദറാലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്ക് കോളജ് വാര്‍ഷിക സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നമ്മുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യം സങ്കീര്‍ണ്ണവും കലുഷിതവുമാണ്.പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്ന് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കങ്ങളാണ് സഘപരിവാര്‍ ശക്തികള്‍ നടത്തുന്നത്.

ഇന്ത്യയുടെ നിര്‍മാണത്തിലും നിലനില്‍പിലും അനല്‍പമായ പങ്കുവഹിച്ച മുസ്‌ലിം സമൂഹത്തെ നാടുകടത്താനും രണ്ടാം കിട പൗരന്‍മാരുമാക്കാനാണ് ഭരണകൂടം ഇതിലൂടെ ശ്രമിക്കുന്നത്. സംഘ പരിവാറിന് ഇതിനു പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്. തങ്ങളുടെ ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കലും മുസ്ലിം ജനതയെ ഭീഷണിപ്പെടുത്തി അവരുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പുരോഗതിക്ക് തടയിടലുമാണ് അവരുടെ പ്രധാന ലക്ഷ്യം.

ഈ സമൂഹത്തിന് വേണ്ടി സംഘപരിവാര്‍ ഭരണകൂടത്തെ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കണ്ണുരുട്ടുമ്പോഴേക്ക് മുട്ടുവിറച്ച് പിന്‍മാറാന്‍ മാത്രം ഭീരുക്കളല്ല ഈ സമൂഹം.ഇതിനേക്കാള്‍ വലിയ പതിസന്ധികള്‍ നീന്തിക്കടന്നാണ് മുസലിം സമുദായം ഇവിടം വരെ എത്തിയത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്‍മാര്‍ക്കെതിരേ നെഞ്ച് വിരിച്ച് പേരാടിയവരുടെ പിന്‍മുറക്കാരാണ് തങ്ങള്‍.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവാര്‍പ്പണം നടത്തിയ പൂര്‍വികരുടെ രക്തം സിരകളിലോടുന്ന തങ്ങളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താനോ കീഴ്‌പ്പെടുത്താനോ സാധ്യമല്ല.ജനാധിപത്യത്തിന്റെ ശക്തമായ പ്രതിരോധ ശേഷികൊണ്ട് ഈ കാടന്‍ നിയമത്തെയും മറികടക്കും.അത് പോലെ നിങ്ങള്‍ക്ക് തങ്ങളെ നിഷ്‌ക്രിയരാക്കാനോ അപകര്‍ഷതയില്‍ തളച്ചിടാനോ സാധ്യമല്ല.

തങ്ങള്‍ ഈ കാണുന്ന സാമൂഹിക പുരോഗതിയും വിദ്യാഭ്യാസ മുന്നേറ്റമുമെല്ലാം നേടിയത് സുചിന്തിതമായ കാഴ്ച്ചപ്പാടുകള്‍ കൊണ്ടും ഇച്ഛാശക്തി കൊണ്ടുമാണ്.പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസം കൈവിടാതെ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോവുക തന്നെ ചെയ്യും.

നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഭരണഘടനയെയും നശിപ്പിക്കാനുള്ള ബിജെപി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരേ ജനാധിപത്യ ശക്തികളുടെ പക്ഷം ചേര്‍ന്നു നിന്ന് നടത്തുന്ന സമരങ്ങളെല്ലാം ശക്തിപ്പെടുത്തുന്നതോടൊപ്പം ഈ ബുധനാഴ്ച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനാധിപത്യചേരിയുടെ സമര്‍പ്പിച്ച ഹരജികളില്‍ അനുകൂല വിധി സുപ്രിം കോടതിയില്‍ നിന്നുണ്ടാക്കാന്‍ പ്രാര്‍ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Similar News