ഹൈദരലി തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പരപ്പനങ്ങാടി പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ പുരക്കല്‍ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കല്‍ പി പി ഫൈസല്‍ (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പരപ്പനങ്ങാടി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ് ബുക്കിലും, വാട്‌സാപ്പിലൂടെയും പോസ്റ്റ് ഇട്ട് വ്യാജ പ്രചരണം നടത്തിയ രണ്ടു സിപിഎം പവര്‍ത്തകര്‍ക്കെതിരെ പരപ്പനങ്ങാടി പോലിസ് കേസെടുത്തു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ പുരക്കല്‍ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കല്‍ പി പി ഫൈസല്‍ (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പേരില്‍ ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി കഴിഞ്ഞ ദിവസം പരപ്പനങ്ങാടി സിഐക്ക് നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരയും കേസെടുത്തത്.
കേസില്‍ പ്രതിയായ റഹൂഫ് പരപ്പനങ്ങാടി ജംഗ്ഷനിലെ പള്ളിയില്‍ നിന്ന് ജുമുഅ നമസ്‌കാരത്തിനിടെ സ്ത്രീകള്‍ നമസ്‌ക്കരിക്കുന്ന സ്ഥലത്ത് കയറി സ്ത്രീയുടെ ബേഗ് തട്ടിപ്പറിച്ച കേസില്‍ പ്രതിയാണ്. ഫൈസല്‍ ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്.
മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റമദാന്‍ റിലീഫ് വിതരണ പോസ്റ്റില്‍ ഹൈദരലി തങ്ങളുടെ ചിത്രം അപകീര്‍ത്തിപ്പെടുത്തുംവിധം എഡിറ്റ് ചെയ്ത് ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പ്രചരിപ്പിക്കുകയായിരുന്നു. ഈ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചവരും കേസില്‍ പ്രതികളാകുമെന്ന് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസ് അറിയിച്ചു.