ശ്വസിക്കാനാവുന്നില്ല ഡാഡീ, ഹൃദയം നിലച്ചതു പോലെ.. വീഡിയോ പകര്‍ത്തിയ ശേഷം അവന്‍ പോയത് മരണത്തിലേക്ക്

കൊവിഡ് രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Update: 2020-06-29 05:46 GMT
ഹൈദരാബാദ്: എനിക്ക് ശ്വസിക്കുവാന്‍ സാധിക്കുന്നില്ല... ഞാന്‍ ഇവിടെ അപേക്ഷിക്കുകയാണ്, കഴിഞ്ഞ മൂന്ന് മണിക്കൂര്‍ സമയമായി എനിക്ക് ഓക്‌സിജന്‍ ലഭിക്കുന്നില്ല. എനിക്ക് ശ്വസിക്കുവാന്‍ സാധിക്കുന്നില്ല ഡാഡി, ഹൃദയം നിലച്ചതുപോലെ തോന്നുന്നു. ബൈ ഡാഡി. എല്ലാവര്‍ക്കും ബൈ, ഡാഡി...' കൊവിഡ് ബാധിച്ച് ചികില്‍സയിലായ ഹൈദരാബാദ് സ്വദേശി മരണപ്പെടുന്നതിന് മുന്‍പ് പിതാവിന് അയച്ച വീഡിയോ നൊമ്പരമാകുന്നതോടൊപ്പം പ്രതിഷേധത്തിനും കാരണമാകുന്നു.

കഴിഞ്ഞ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 28കാരന് ചികിത്സ നിഷേധിച്ചതാണ് മരണത്തിന് കാരണമായതെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞാണ് ഈ വീഡിയോ താന്‍ കാണുന്നതതെന്നും ഹൃദയം തകര്‍ന്നു പോയി എന്നുമാണ് യുവാവിന്റെ പിതാവ് പറയുന്നത്. തന്റെ മകനുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അദ്ദേഹം അപേക്ഷിക്കുന്നു. കൊവിഡ് രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മൂന്നു മണിക്കൂറായി ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുകയാണെന്നും ഓക്‌സിജനു വേണ്ടിയുള്ള യാചന ആരും ശ്രദ്ധിക്കുന്നില്ലെന്നും പിതാവിന് വീഡിയോ സന്ദേശം അയച്ച് ഒരു മണിക്കൂറിനകം തന്നെ യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 'തന്റെ മകന്‍ സഹായം ചോദിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യാറായില്ല. എന്തിനാണ് അവന് ഓക്‌സിജന്‍ നല്‍കാതിരുന്നത് എന്നും പിതാവ് ചോദിക്കുന്നു. രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറയുമ്പോള്‍ നേരിടേണ്ടിവരുന്ന അതിഗുരുതരാവസ്ഥയുടെ അടയാളമായി മാറുകയാണ് പ്രാണവായുവിന് വേണ്ടി അപേക്ഷിക്കുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍.


Tags:    

Similar News