'ഞാന്‍ ഓടിമാറിയതാണ്, ചിലര്‍ സമ്മര്‍ദ്ദത്താലാണ് ഒപ്പുവച്ചത്': ശിവസേന എംഎല്‍എ കൈലാസ് പാട്ടില്‍
മുംബൈ: പല എംഎല്‍എമാരെയും സമ്മര്‍ദ്ദത്തിലാക്കിയാണ് പലതും എഴുതിവാങ്ങിയതെന്ന് ഷിന്‍ഡെക്കൊപ്പം വിമതക്യാമ്പിലായിരുന്ന എംഎല്‍എ കൈലാസ് പാട്ടീല്‍. ശിവസേനയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലഹം മൂര്‍ച്ഛിച്ച് വലിയൊരു ശതമാനം എംഎല്‍എമാരും പൊതുമരാമത്ത് മന്ത്രിയും ശിവസേന നേതാവുമായ ഷിന്‍ഡെക്കൊപ്പം ഗുവാഹത്തിയിലെ ഹോട്ടലിലാണ്.
പലരും ഒപ്പുവച്ചത് സമ്മര്‍ദ്ദം മൂലമാണെന്നും ഉദ്ദവ് എന്തുതീരുമാനിച്ചാലും ഒപ്പമുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒസ്മാനാബാദില്‍നിന്നുളള ശിവസേന എംഎല്‍എയാണ് കൈലാസ് പാട്ടീല്‍.
ഏക്‌നാഥ് ഷിന്‍ഡെ ജൂണ്‍ 20ന് വിളിച്ചുകൂട്ടിയ ഒരു അത്താഴ വിരുന്നില്‍ പങ്കെടുക്കാനാണ് താന്‍ പോയതെന്നും 8-9 മണിയായതോടെ മഹാരാഷ്ട്ര അതിര്‍ത്തിയിലേക്ക് പോയതോടെയാണ് സംശയം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സൂറത്തിലേക്ക് പോകുന്ന കാറില്‍നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്നും പിന്നീട് കിലോമീറ്ററുകളോളം നടന്നെന്നും ഇരുചക്രവാഹനങ്ങളിലും ട്രക്കിലുമായാണ് ഉദ്ദവ് താക്കറെയുടെ വസതിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പിളര്‍ന്നതായി പ്രഖ്യാപിക്കണമെങ്കില്‍ ഷിന്‍ഡെക്ക് 37 പേരുടെ പിന്തുണ വേണം. അത് ഇപ്പോള്‍ത്തന്നെയുണ്ടെന്നാണ് കരുതുന്നത്.
ഷിന്‍ഡെ ആദ്യം എംല്‍എമാരെ ഗുജറാത്തിലും പിന്നീട് അസമിലുമാണ് താമസിപ്പിച്ചത്.