ജയ്പൂര്‍: ജോര്‍ജിയന്‍ കാര്‍ഗോ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് പിശകു പറ്റിയതെന്ന് പൈലറ്റ്. വിശദമായി ചോദ്യം ചെയ്തതിന് ശേഷം വിമാനം വിട്ടയച്ചു. തിബ്‌ലിസില്‍ നിന്നും പുറപ്പെട്ട കാര്‍ഗോ വിമാനം ഡല്‍ഹി വഴി കറാച്ചിയിലേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് മുന്നരയ്ക്ക് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനടുത്ത് വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് കണ്ടെത്തിയ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ കാര്‍ഗോ വിമാനത്തെ നിരീക്ഷിക്കുകയും ജയ്പൂരില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദ്ദേശപ്രകാരം ജയ്പൂരില്‍ ഇറക്കിയ കാര്‍ഗോ വിമാനം പൈലറ്റിന്റെ ധാരണക്കുറവുമൂലമാണ് വ്യോമപാത ലംഘിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. പൈലറ്റിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. പറ്റിയത് പിശകാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. ബാലക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.