സിവില്‍ സര്‍വിസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണം; പൂജ ഖേദ്ക്കര്‍ക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: സിവില്‍ സര്‍വിസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ ട്രെയിനി ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്ക്കര്‍ക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. യുപിഎസ്‌സി നിര്‍ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. പൂജ ഖേദ്ക്കറുടെ നോണ്‍ ക്രീമിലെയര്‍ ഒബിസി സര്‍ട്ടിഫിക്കറ്റ്, കാഴ്ചാ വൈകല്യം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാഴ്ചാ പരിമിതി ഉള്‍പ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്‌നഗര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് അന്വേഷണം നടത്തുന്നത്.
സിവില്‍ സര്‍വിസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കര്‍ നിയമന മുന്‍ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നാണ് പ്രധാന ആരോപണം. സിവില്‍ സര്‍വിസില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരായിരുന്നില്ല.
2022 ഏപ്രിലില്‍ ഡല്‍ഹി എയിംസില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ അന്ന് കൊവിഡ്19 പോസിറ്റിവ് ആണെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുള്ള പരിശോധനകളിലും എംആര്‍ഐ പരിശോധനക്കും ഇവര്‍ ഹാജരായില്ല. യുപിഎസ്‌സി പരീക്ഷയില്‍ 841ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്. അഹമ്മദ്‌നഗര്‍ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.