കുവൈത്തില്‍ 1,100 കോടിയുടെ വിസ കച്ചവടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരേ അന്വേഷണം തുടങ്ങി

ഓരോ തൊഴിലാളിയില്‍നിന്നും സാധാരണ വിസയ്ക്ക് 1,800 മുതല്‍ 2,500 ദിനാര്‍ വരെയും ഡ്രൈവര്‍ വിസയ്ക്ക് 2,500 മുതല്‍ 3,000 ദിനാര്‍ വരെയുമാണു ഈടാക്കിയത്. കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്താവുന്നത്.

Update: 2020-02-12 09:13 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ചുകോടി ദിനാറിന്റെ (ഏകദേശം 1,100 കോടി രൂപ) വിസ കച്ചവടം നടത്തിയ കേസില്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം അടക്കം മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരേ കുവൈത്ത് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. പ്രതികളിലൊരാള്‍ കഴിഞ്ഞദിവസം കുവൈത്തില്‍ അറസ്റ്റിലായെങ്കിലും പാര്‍ലമെന്റ് അംഗം അടക്കമുള്ള മുഖ്യപ്രതികളായ രണ്ടുപേര്‍ രാജ്യത്ത് നിന്ന് കടന്നുകളഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ബംഗ്ലാദേശ് പാര്‍ലമെന്റിലെ അംഗവും ബംഗ്ലാദേശിലെ ഒരു ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് പ്രതികളിലൊരാള്‍. ഇയാള്‍ നേരത്തെ കുവൈത്തിലെ പ്രമുഖ ശുചീകരണകമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്തിരുന്നു.

പിന്നീട് സ്ഥാപനത്തിന്റെ ബിസ്‌നസ് പങ്കാളിയായി മാറുകയായിരുന്നു. ഈ ബന്ധമുപയോഗിച്ച് സര്‍ക്കാര്‍ പദ്ധതിയുടെ ശുചീകരണ കരാറില്‍ രാജ്യത്തേക്ക് 20,000 ഓളം ബംഗ്ലാദേശ് തൊഴിലാളികളെ കൊണ്ടുവന്നു. ഓരോ തൊഴിലാളിയില്‍നിന്നും സാധാരണ വിസയ്ക്ക് 1,800 മുതല്‍ 2,500 ദിനാര്‍ വരെയും ഡ്രൈവര്‍ വിസയ്ക്ക് 2,500 മുതല്‍ 3,000 ദിനാര്‍ വരെയുമാണു ഈടാക്കിയത്. കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്താവുന്നത്. കരാറില്‍ കാണിച്ച ശമ്പളവും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. ഇതെത്തുടര്‍ന്ന് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞയാഴ്ച വരെ കുവൈത്തിലുണ്ടായിരുന്ന പാര്‍ലമെന്റ് അംഗമായ പ്രതിയും മറ്റൊരു പ്രതിയും രാജ്യം വിടുകയായിരുന്നു.

പിടിയിലായ പ്രതിയില്‍നിന്നാണു മറ്റു പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പാര്‍ലമെന്റ് അംഗത്തിനു പുറമേയുള്ള മറ്റു രണ്ടു പ്രതികളും ഉന്നത തസ്തികകളില്‍ ജോലിചെയ്യുന്നവരാണ്. മനുഷ്യക്കടത്തിനു പുറമെ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളും ഇവര്‍ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പുറത്തായതോടെ സ്ഥാപനത്തിന്റെ ലൈസന്‍സും കരാറും മാനവവിഭവശേഷി സമിതി മരവിപ്പിച്ചു. 

Tags:    

Similar News