പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Update: 2024-04-05 09:47 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് ജോലിയില്‍ തിരിച്ചെടുക്കാത്തതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസര്‍ അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി പറയുന്നത് പോലെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി നഴ്‌സ് പിബി അനിത രംഗത്തെത്തി. ഡിഎംഇ റിപോര്‍ട്ട് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് അനിത ആരോപിച്ചു. അതിജീവിതയ്ക്ക് സംരക്ഷണം നല്‍കുന്നതില്‍ തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ പക പോക്കുകയാണെന്നും അനിത പ്രതികരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസര്‍ക്കെതിരായ നടപടിയില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണ് വീണ ജോര്‍ജെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം, പുനര്‍നിയമനം ആവശ്യപ്പെട്ട് നഴ്‌സിങ് ഓഫീസര്‍ പിബി അനിതയുടെ ഉപവാസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് മുന്നില്‍ അഞ്ചാം ദിവസവും തുടരുകയാണ്. അനിതയ്ക്ക് പിന്തുണയുമായി അതിജീവിത തന്നെ ഇന്ന് രംഗത്തെത്തി. ഐസിയു പീഡന കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ നേഴ്‌സിംഗ് ഓഫിസറാണ് അനിത. കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറാകത്തതില്‍ പ്രതിഷേധിച്ചാണ് അനിതയുടെ സമരം.

Tags:    

Similar News