മൂന്നാഴ്ചയ്ക്കകം കേസുകൾ കുറയും; സാമൂഹ്യവ്യാപനം നടന്നെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു: ആരോഗ്യ മന്ത്രി വീണാ ജോർജ്
രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് നിലവിലെ ആശ്വാസം.
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം അതിതീവ്രമായി വ്യാപിക്കുന്നതിനിടെ, കേരളത്തിൽ മൂന്നാഴ്ചയ്ക്കകം കൊവിഡ് കേസുകൾ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു മാസമായി മൂന്നാം തരംഗം തുടങ്ങിയിട്ട്. നിലവിൽ പലയിടത്തും രോഗികളുടെ എണ്ണം പരമാവധിയിൽ എത്തിയിരിക്കുകയാണ്. ഫ്രെബുവരി രണ്ടാം വാരത്തോടെ ഇത് കുറഞ്ഞു തുടങ്ങും എന്നാണ് ആരോഗ്യവകുപ്പിൻറെ പ്രതീക്ഷ. സമൂഹവ്യാപനം എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതുണ്ടായി എന്നാണ് സർക്കാർ വിലയിരുത്തുന്നതെന്നും മന്ത്രി അറിയിച്ചു. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് നിലവിലെ ആശ്വാസം.
മരണനിരക്കിലും കാര്യമായ വർധനയില്ല. ഒമിക്രോൺ വകഭേദത്തിൻറെ വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവായതുകൊണ്ടാണ് ഗുരുതരമാവുന്നവരുടെ എണ്ണം കുറയുന്നത്. കൂടാതെ രണ്ടു ഡോസ് വാക്സിൻ ഭൂരിഭാഗവും സ്വീകരിച്ചതും തീവ്രത കുറയാൻ സഹായിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.