ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

Update: 2022-08-09 01:42 GMT

കൊച്ചി: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഷട്ടര്‍ തുറക്കുക. ഇടുക്കി ഡാമിന് പുറമേ ഇടമലയാര്‍ കൂടി തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. ആദ്യ മണിക്കൂറുകളില്‍ 50 ക്യുമെക്‌സ് ജലവും പിന്നീട് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നുവിടുക. ഇടമലയാര്‍ ഡാമിന്റെ സംഭരണ ശേഷി 169 മീറ്ററാണ്.

വെള്ളം ആദ്യം ഒഴുകിയെത്തുക ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തില്‍ പെരിയാറിലെത്തും. തുറന്ന് ഏഴ് മണിക്കൂറിന് ശേഷം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

രണ്ട് ഡാമുകളില്‍ നിന്നുള്ള ജലം പെരിയാറിലെത്തുമെങ്കിലും മഴ മാറി നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് അപകടകരമാം വിധം ഉയരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സജ്ജരായിരിക്കാനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി പഞ്ചായത്തുകളില്‍ അനൗണ്‍സ്‌മെന്റുകള്‍ നടത്തി ആളുകളെ ബോധവല്‍ക്കരിക്കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ദേശീയ ദുരന്തപ്രതികരണ സേനയുടെ 21 അംഗ സംഘം കൊച്ചിയിലെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ സേനയെ വിന്യസിക്കും. പെരിയാര്‍ നദിയിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍ തുടരും.

നേര്യമംഗലം മുതല്‍ പെരിയാറിലെ ജലനിരപ്പ് നിരീക്ഷിക്കാന്‍ ജലസേചന വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂയംകുട്ടി, തട്ടേക്കാട് തുടങ്ങിയ മേഖലകളിലും ജലനിരപ്പ് നിരീക്ഷിക്കും. ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, ആലുവ മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ എന്നിവിടങ്ങളിലും 24 മണിക്കൂറും ജലനിരപ്പ് അളക്കുന്നുണ്ട്. പൊലീസിന്റെയും ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസിന്റെയും പട്രോളിങ്ങുമുണ്ടാവും. പെരിയാര്‍ നദിയും കൈവഴികളും കടന്നുപോവുന്ന സ്ഥലങ്ങളില്‍ വിനോദ സഞ്ചാരത്തിന് കര്‍ശന നിയന്ത്രണമുണ്ട്. നദിയില്‍ ഇറങ്ങുന്നത് കര്‍ശനമായി തടയും.

Tags:    

Similar News