ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു;പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് ആയി ഉയര്‍ത്തും

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിടുന്നതിന് കെഎസ്ഇബി ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇടമലയാര്‍ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ല. ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന്റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം വൈകിട്ടോടുകൂടി മാത്രമേ പ്രതിഫലിക്കുകയുള്ളു എന്നാണ് വിലയിരുത്തല്‍

Update: 2022-08-09 10:30 GMT

കൊച്ചി: ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി വര്‍ധിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിടുന്നതിന് കെഎസ്ഇബി ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇടമലയാര്‍ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ല. ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന്റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം വൈകിട്ടോടുകൂടി മാത്രമേ പ്രതിഫലിക്കുകയുള്ളു എന്നാണ് വിലയിരുത്തല്‍.

ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള കൂടുതല്‍ വെള്ളവും വൈകിട്ടോടെ ജില്ലയില്‍ ഒഴുകിയെത്തും. ഉച്ചയ്ക്ക് 12 മുതല്‍ 1600 ക്യൂമെക്‌സിനും 1700 ക്യൂമെക്‌സിനുമിടയില്‍ വെള്ളമാണ് ഭൂതത്താന്‍കെട്ടില്‍ നിന്നു പുറത്തേക്കൊഴുകുന്നത്.ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകള്‍ക്കുള്ള പ്രത്യേക ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പകല്‍സമയങ്ങളില്‍ വേലിയേറ്റവേലിയിറക്ക അളവുകളില്‍ (ഉയരങ്ങളില്‍) കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലാത്തതിനാല്‍ പകല്‍സമയം കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സം നേരിടുന്നതാണ്. കേരളതീരത്തു ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുന്നു. അര്‍ധരാത്രിയിലോ അതിരാവിലെയോ ഉള്ള വേലിയിറക്ക സമയങ്ങളില്‍ കടലിലേക്ക് കൂടുതല്‍ നീരൊഴുക്ക് പ്രതീക്ഷിക്കാം.

തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ അതാതു ജില്ലാദുരന്തനിവാരണ അതോറിറ്റികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

Tags:    

Similar News