യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം 10,000 രൂപയാക്കും; ആശാ വര്‍ക്കര്‍മാരെ മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവച്ച് പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്
ലഖ്‌നോ: ഹോണറേറിയം വര്‍ധിപ്പിക്കാനാവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ മര്‍ദ്ദിച്ചതിനെതിരേ സ്വരം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കൊവിഡ് കാലത്ത് രാജ്യത്ത് മികച്ച രീതിയില്‍ സേവനം ചെയ്തവരാണ് ആശാ സഹോദരിമാരെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവരുടെ ഹോണറേറിയം പ്രതിമാസം പതിനായിരം രൂപയാക്കി ഉയര്‍ത്തുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
യുപിയിലെ ഷാജഹാന്‍പൂരില്‍ ആശാവര്‍ക്കാര്‍മാരെ പോലിസ് മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
''ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ആശാ സഹോദരിമാര്‍ക്ക് നേരെ നടത്തുന്ന ഓരോ ആക്രമണവും അവരെ അപമാനിക്കുന്നതിന് തുല്യമാണ്. കൊവിഡ് മഹാമാരിയിലും മറ്റവസരത്തിലും തങ്ങളുടെ സേവനം ആത്മാര്‍ത്ഥമായി നല്‍കിയവരാണ് ആശാ സഹോദരിമാര്‍. ഓണറേറിയം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. അവരെ കേള്‍ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഞാനും അവരോടൊപ്പമുണ്ട്''- പ്രിയങ്ക തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.
उप्र सरकार द्वारा आशा बहनों पर किया गया एक-एक वार उनके द्वारा किए गए कार्यों का अपमान है।
— Priyanka Gandhi Vadra (@priyankagandhi) November 10, 2021
मेरी आशा बहनों ने कोरोना में व अन्य मौकों पर पूरी लगन से अपनी सेवाएं दीं। मानदेय उनका हक है। उनकी बात सुनना सरकार का कर्तव्य।
आशा बहनें सम्मान की हकदार हैं और मैं इस लड़ाई में उनके साथ हूं। pic.twitter.com/fTmBSvJbQD
'ആശ സഹോദരിമാര്‍ക്ക് ഓണറേറിയം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആശാ സഹോദരിമാര്‍ക്കും അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും പ്രതിമാസം 10,000 രൂപ ഓണറേറിയം നല്‍കും.'- മറ്റൊരു ട്വീറ്റില്‍ പ്രിയങ്ക എഴുതി.
അടുത്ത വര്‍ഷം ആദ്യമാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 312 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തിയിരുന്നു. എസ് പി 47 സീറ്റം ബിഎസ്പി 19സീറ്റും കോണ്‍ഗ്രസ് 7 സീറ്റും നേടി.