ഐഐടി ഖരഗ്പൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

Update: 2025-01-13 09:56 GMT

ഖരഗ്പൂര്‍: ഐഐടി ഖരഗ്പൂരില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖരഗ്പൂര്‍ ഐഐടിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷോണ്‍ മാലിക് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോളജ് ജീവനക്കാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒരാഴ്ചക്കിടെ ഉണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്

ഞായറാഴ്ച മാതാപിതാക്കള്‍ മാലിക്കിനെ കാണാനെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലതവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മാലിക്കിന്റെ മാതാപിതാക്കളും സ്ഥാപന ജീവനക്കാരും ഹോസ്റ്റല്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തലേദിവസം രാത്രി മാലിക് മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പ്രത്യാകിച്ച് ഒരു കുഴപ്പവും ഉണ്ടായതായി അറിവില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഐഐടി-ഖരഗ്പൂര്‍ അറിയിച്ചു. അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഐഐടി അധികൃതര്‍ അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഐഐടി ഖരഗ്പൂര്‍ ജൂനിയര്‍ ടെക്‌നീഷ്യനായ നാസിര്‍ അലി മൊല്ലയെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News