മുംബൈയില്‍ 51000 കൊവിഡ് രോഗികള്‍: വുഹാനെ മറികടന്നു
ചൊവ്വാഴ്ച്ച മുബൈയിലെ കൊവിഡ് രോഗികളുടെ എണ്ണം 51,000 കവിഞ്ഞു. ഇത് കൊവിഡ് 19 ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനേക്കാള്‍ 700 എണ്ണം അധികമാണ്.
മുംബൈ: രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയിലെ വുഹാനെ മറികടന്നു. ചൊവ്വാഴ്ച്ച മുബൈയിലെ കൊവിഡ് രോഗികളുടെ എണ്ണം 51,000 കവിഞ്ഞു. ഇത് കൊവിഡ് 19 ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനേക്കാള്‍ 700 എണ്ണം അധികമാണ്. വുഹാനില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 50,333 ആണ്, ഇതില്‍ 3,869 മരണങ്ങള്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ ഇതുവരെ 51,100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 1,760 രോഗികള്‍ മരിച്ചു. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ 90,000 കേസുകളുണ്ട്. ചൈനയിലെ 84,000 കേസുകളേക്കാള്‍ മുന്നിലാണ് ഇത്.
മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളായ 90,787 പേരില്‍ 42,638 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,259 പേരാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതൊടൊപ്പം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതൊടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 3,289 ആയി. ഇത് സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.