ഡല്‍ഹിയില്‍ മരുമകന്‍ ഭാര്യവീട്ടിലെ രണ്ടു പേരെ താലിയം കൊടുത്തു കൊന്നു; ഭാര്യ ആശുപത്രിയില്‍- പ്രചോദനം സദ്ദാം ഹുസൈനെന്ന് പ്രതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 37 വയസ്സുകാരനായ യുവാവ് ഭാര്യാമാതവിനെയും ഭാര്യാ സഹോദരിയെയും മീന്‍കറിയില്‍ താലിയം കലര്‍ത്തി കൊന്നു. ഇറാഖില്‍ സദ്ദാം ഹുസൈന്‍ തന്റെ എതിരാളികളെ താലിയം ചെറിയ അളവില്‍ കൊടുത്ത് വകവരുത്തിയത് മാതൃകയാക്കിയാണ് കൊല നടത്തിയതെന്ന് പ്രതി വരുണ്‍ അറോറ പോലിസിനോട് സമ്മതിച്ചു. താലിയം ചെറിയ അളവില്‍ കൊടുത്താണ് സദ്ദാം എതിരാളികളെ ഇല്ലാതാക്കിയതെന്ന ധാരാളം വാര്‍ത്തകള്‍ മുന്‍കാലത്ത് പുറത്തുവന്നിരുന്നു.
വരുണിനെ വ്യാഴാഴ്ച തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. വരുണിന്റെ ഭാര്യയെ താലിയം അകത്ത് ചെന്ന നിലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയും കുടുംബവും തന്നെ അപമാനിക്കുന്നതിലുള്ള പ്രതികാരമായാണ് എല്ലാവരെയും ചെറിയ അളവില്‍ താലിയം കൊടുത്ത് കൊല്ലാന്‍ തീരുമാനിച്ചതെന്ന് വരുണ്‍ പോലിസിനോട് സമ്മതിച്ചു.
വരുണിന്റെ ഭാര്യാമാതാവ് അിത ദേവി ശര്‍മ മരിച്ചപ്പോള്‍ അവരുടെ ശരീരത്തില്‍ നിന്ന് താലിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് അന്വേഷണത്തിനു തുടക്കമായത്. ഇതേ ലക്ഷണങ്ങളോടെ ഭാര്യയും ആശുപത്രിയിലുണ്ടെന്ന് പോലിസ് തിരിച്ചറിഞ്ഞു. ഭാര്യയുടെ സഹോദരി പ്രിയങ്ക ഇതേ ലക്ഷണങ്ങളോടെ ഈ വര്‍ഷം ആദ്യം കൊല്ലപ്പെട്ടിരുന്നു. മുടി കൊഴിയുക, കാലുകള്‍ പൊള്ളുക തുടങ്ങിയവയാണ് താലിയം വിഷബാധയുടെ ആദ്യ ലക്ഷണം.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഭാര്യയുടെ പിതാവിനും വീട്ടിലെ ജോലിക്കാരിക്കും ഇതേ ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണം വരുണിലേക്ക് എത്തിയത്. താന്‍ മീന്‍ കറിയില്‍ താലിയം ചേര്‍ത്താണ് കൊല നടത്തിയതെന്ന് വരുണ്‍ സമ്മതിച്ചു.
പിന്നീട് പോലിസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ നിന്ന് താലിയം കണ്ടെടുത്തു.
താലിയം വാങ്ങിയ കാര്യം വരുണ്‍ സമ്മതിച്ചു. ഭാര്യമാതാവ് അനിത, ഭാര്യ ദിവ്യ, ഭാര്യപിതാവ് ദേവേന്ദര്‍ മോഹന്‍, ഭാര്യാസഹോദരി പ്രിയങ്ക തുടങ്ങിയവരോടുള്ള പ്രതികാരമാണ് പ്രതിയെ വിഷം കൊടുക്കാന്‍ പ്രേരിപ്പച്ചതെന്നാണ് വിവരം. വിഷം വാങ്ങിയതിന്റെ തെളിവുകള്‍ അറോറയുടെ ഫോണില്‍ നിന്ന് ലഭിച്ചു.