ഹരിയാനയിലും ബിജെപിക്കാര്‍ കര്‍ഷക സമരക്കാരെ കാറ് കയറ്റിക്കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ക്ക് പരിക്ക്

Update: 2021-10-07 11:19 GMT

ഛണ്ഡീഗഢ്: യുപിക്കു പിന്നാലെ ഹരിയാനയിലും കര്‍ഷക സമരക്കാര്‍ക്കു നേരെ ബിജെപി അതിക്രമം. ബിജെപി എംപി നയാബ് സൈനിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനമാണ് കര്‍ഷകര്‍ക്കു നേരെ ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റയാളെ അംബാലക്കടുത്ത നരിംഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികില്‍സക്കുശേഷം അദ്ദേഹം ആശുപത്രി വിട്ടു.

റോഡരികില്‍ നില്‍ക്കുകയായിരുന്ന കര്‍ഷകനെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ചിടുകയായിരുന്നെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരേ കേസെടുക്കാന്‍ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അലംഭാവം കാണിക്കുകയാണെങ്കില്‍ സ്ഥലം പോലിസ് സ്‌റ്റേഷന്‍ ഒക്ടബോര്‍ 10ാം തിയ്യതി ഘരാവൊ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി.

നരിംഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്ന കുരുക്ഷേത്ര എം പി നയാബ് സൈനിയുടെ വാഹനവ്യൂഹമാണ് കര്‍ഷകരെ ഇടിച്ചിട്ടത്. അദ്ദേഹത്തോടൊപ്പം ഖനി വകുപ്പ് മന്ത്രി മൂല്‍ ചന്ദ് ശര്‍മയും ഉണ്ടായിരുന്നുവെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

പരിപാടി കഴിഞ്ഞ ശേഷം പുറത്തേക്ക് പോയ വാഹനമാണ് കര്‍ഷകനെ ഇടിച്ചിട്ടത്. ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു.

യുപി ലഖിംപൂരില്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകരെ ഇടിച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ആഷിഷ് ആണ് വണ്ടി ഓടിച്ചിരുന്നത്. 

Tags:    

Similar News