കാ​യം​കു​ളം താലൂക്ക് ആശുപത്രിയിയിൽ സ്ത്രീകളുടെ വാർഡിൽ ശുചിമുറി ഇല്ല; ആശ്രയം പുരുഷ വാർഡ്

Update: 2024-06-28 07:57 GMT

കായംകുളം: താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ ശുചിമുറി അടഞ്ഞിട്ട് മാസങ്ങളായിട്ടും തുറക്കാന്‍ നടപടി ഇല്ലാത്തത് രോഗികളെ വലക്കുന്നു. സ്ത്രീകള്‍ക്ക് പ്രാഥമിക കൃത്യ നിര്‍വഹണത്തിന് പുരുഷ വാര്‍ഡാണ് ആശ്രയം. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ശുചിമുറി സൗകര്യം ഇല്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരു പോലെ വലക്കുകയാണ്. രോഗികള്‍ക്ക് ആനുപാതികമായി ശുചിമുറികള്‍ ഇല്ലാത്തത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ഗുരുതരമാണ്. രാത്രികാലങ്ങളില്‍ ശുചിമുറിയില്‍ പോകാന്‍ കിടപ്പ് രോഗികള്‍ കടുത്ത പ്രയാസമാണ് നേരിടുന്നത്.

ഗുരുതര രോഗ ബാധിതരായവരാണ് ഏറെ വലയുന്നത്. നഗരസഭ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച ശുചിമുറി ബ്ലോക്കാണ് അശാസ്ത്രീയ നിര്‍മാണം കാരണം അടഞ്ഞ് കിടക്കുന്നത്. വിസര്‍ജ്യം അടിഞ്ഞ് കൂടി ഒഴുക്ക് തടസ്സപ്പെട്ടതാണ് അടച്ചിടാന്‍ കാരണമായത്. ഇത് കവിഞ്ഞൊഴുകുന്നത് കാരണമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ഗുരുതരമാണ്. നേരത്തെ റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു.ഇപ്പോള്‍ ലാബ് പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് വീഴുന്നതായി പറയുന്നു. പൈപ്പില്‍ നിന്ന് പൊട്ടിയൊലിക്കുന്നവ ആളുകളുടെ ദേഹത്തേക്ക് തെറിക്കുന്നതായ പരാതിയും ഉയരുന്നു. വിഷയം ശരിയായി പഠിച്ച് പരിഹാരം കാണുന്നതില്‍ വീഴ്ച സംഭവിച്ചതാണ് ശുചിമുറികള്‍ അടച്ചിടാന്‍ കാരണം.

നഗരസഭയുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ഫണ്ടില്‍ നിന്ന് നല്ലൊരു തുക ഇതിനായി ചെലവഴിച്ചെങ്കിലും പരിഹാരം കാണുന്നതില്‍ പരാജയപ്പെടുകയായിരുന്നു. വിഷയത്തില്‍ നഗരസഭയുടെ അനാസ്ഥയും കാരണമാണ്. അധികാര തര്‍ക്കങ്ങളും പരിഹാരത്തിന് തടസ്സമാകുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു ആവശ്യപ്പെട്ടു. അവഗണന തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News