മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 23,179 പേര്‍ക്ക് കൊവിഡ് ബാധ; 84 മരണം

Update: 2021-03-17 15:53 GMT

മുംബൈ: മഹാരാഷ്ട്ര ഒരിക്കല്‍ക്കൂടി കൊവിഡ് വ്യാപനത്തിന്റെ പിടിയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം സംസ്ഥാനത്ത് 23,179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇത് മുന്‍ ദിവസത്തെ അപേക്ഷിച്ച് 30 ശതമാനം അധികമാണ്. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കൊവിഡ് രണ്ടാം ഘട്ടപ്രസരണത്തിലേക്ക് കടന്നതായി പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ മുംബൈയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. മുംബൈയില്‍ മാത്രം 2,377 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനതത്ത് 84 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചു.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അടിയന്തരനടപടികള്‍ കൊക്കൊള്ളണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. രാജ്യത്ത് ഇതുവരെ 1.14 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.

70 ജില്ലകളില്‍ കൊവിഡ് വ്യാപനത്തില്‍ 150 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇപ്പോഴത് നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും ഒരിക്കല്‍ക്കൂടി ലോക്ക് ഡൗണിലേക്ക് പോകേണ്ടിവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പുനല്‍കി.

ഫെബ്രുവരിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9,000മായിരുന്നതാണ് ഇപ്പോള്‍ 28,903ലേക്ക് എത്തിയത്. ഡിസംബര്‍ 13നു ശേഷമുളള ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്.

Tags:    

Similar News