കോഴിക്കോട്; കൊലപാതകം നടത്തിയാല്‍ മൃതദേഹവുമായി കൊലപാതകി പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവുന്നു. കുറ്റവാളി 'കാപ്പ' ചുമത്തി പൊലീസ് നാടുകടത്തിയ കക്ഷിയാണ്. ഇത്രമാത്രം നിയമവാഴ്ചയും നിയമത്തോട് പ്രതിബദ്ധതയുള്ള ഗുണ്ടകളുമുള്ള മറ്റൊരു സ്ഥലം കാണിച്ചുതരാന്‍ കഴിയുമോ?- ഗുണ്ടാ ആക്രമണങ്ങളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയത്തെ പരിസഹിക്കുകയാണ് പ്രമോദ് പുഴങ്കര. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അഭിഭാഷകന്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ പൊലിസ് സംവിധാനവും നിയന്ത്രണവും മോശമാണെന്ന് ഇനിയാരും പറയരുത്. കൊലപാതകം നടത്തിയാല്‍ മൃതദേഹവുമായി കൊലപാതകി പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവുന്നു. കുറ്റവാളി 'കാപ്പ' (Kerala Anti -Social Activities Prevention Act ) ചുമത്തി പൊലീസ് നാടുകടത്തിയ കക്ഷിയാണ്. ഇത്രമാത്രം നിയമവാഴ്ചയും നിയമത്തോട് പ്രതിബദ്ധതയുള്ള ഗുണ്ടകളുമുള്ള മറ്റൊരു സ്ഥലം കാണിച്ചുതരാന്‍ കഴിയുമോ?
കോട്ടയത്ത് ഒരാളെ കൊന്ന് മുതദേഹവുമായി കൊലപാതകി സ്‌റ്റേഷനില്‍ ഹാജരായത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള 'കുടിപ്പക'എന്ന സ്ഥിരം തലക്കെട്ടില്‍ വരുമ്പോള്‍ ഇത്രമാത്രം ഗുണ്ടാസംഘങ്ങള്‍ തഴച്ചുവളരുന്ന നാടാണ് കേരളമെന്നാണ് സാധാരണക്കാര്‍ ഭീതിയോടെ മനസിലാക്കുന്നത്. തിരുവനന്തപുരത്ത് ഇതുപോലൊരു 'കുടിപ്പക' സംഭവത്തില്‍ ഒരാളെ കൊന്ന് കാല്‍ വെട്ടിയെടുത്ത് പരസ്യമായി തെരുവിലെറിഞ്ഞുപോയ സംഭവം കഴിഞ്ഞിട്ട് ഏറെ നാളായില്ല. തിരുവനന്തപുരത്തുതന്നെ പരസ്യമായി ഒരു അച്ഛനെയും മകളേയും ഗുണ്ടകള്‍ ഒരു കാരണവുമില്ലാതെ ആക്രമിച്ചത് ആ സംഭവത്തിനു തൊട്ടു പിറകെയായിരുന്നു. പോലിസിന്റെ ത്യാഗത്തെക്കുറിച്ചൊക്കെ പൊലിസ് മന്ത്രി വാചാലനാകുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം ഇതൊക്കെയാണ്.
നാട്ടിലെ നാനാവിധ മാഫിയ സംഘങ്ങളുടെ പറ്റുപടിക്കാരാണ് പൊലിസിലെ വലിയൊരു വിഭാഗം. അതേ മാഫിയാ സംഘങ്ങളുടെ കൂലിഗുണ്ടകളാണ് ഇക്കാണുന്ന അക്രമം നടത്തുന്ന ഗുണ്ടാസംഘങ്ങള്‍. ഒരേ കളത്തിലുള്ള പൊലിസും ഗുണ്ടാ സംഘങ്ങളും തമ്മിലൊരു 'കുടിപ്പക' ഉണ്ടായാലേ രണ്ടിലൊന്ന് തീരുമാനമാകൂ എന്ന മട്ടിലാണ് കാര്യങ്ങള്‍. ഗുണ്ടകളെ അടിച്ചമര്‍ത്താനുള്ള പ്രത്യേക ദൗത്യം എന്ന പേരില്‍ നാട്ടിലെ ജനകീയ സമര മുന്നണികളിലുള്ള രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തകരെയും ചില മാധ്യമ പ്രവര്‍ത്തകരെയുമൊക്കെ ഗുണ്ടാ പട്ടികയില്‍ പെടുത്താന്‍ തിരക്കുകൂട്ടിയ പൊലിസിന് യഥാര്‍ത്ഥ ഗുണ്ടകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് ഇരുകൂട്ടര്‍ക്കും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ്.
ഗുണ്ടാ സംഘങ്ങള്‍ ഉണ്ടാകുന്നത് പോക്കറ്റടിക്കാനും ചെറിയ മോഷണങ്ങള്‍ നടത്താനുമല്ല. നിയമവിധേയവും നിയമവിരുദ്ധവുമായ സാമ്പത്തിക ഇടപാടുകളില്‍ അതിന്റെ അനുബന്ധ പരിപാടികള്‍ക്ക് വേണ്ടിയാണ് ഗുണ്ടാ സംഘങ്ങളെ പലതരം മാഫിയകള്‍ തീറ്റിപ്പോറ്റുന്നത്. അതില്‍ മണലെടുപ്പുകാരും മണ്ണെടുപ്പുകാരും പാറമടക്കാരും പലിശക്കാരും ഭൂമി ഇടപാടുകാരും കെട്ടിട നിര്‍മ്മാണ സംഘങ്ങളും നിലം നികത്തുന്നവരും എല്ലാമുണ്ട്. ഇവര്‍ക്കെല്ലാം അതാതിടങ്ങളിലെ രാഷ്ട്രീയഉദ്യോഗസ്ഥ വൃന്ദവുമായും ബന്ധമുണ്ട്. അതുകൊണ്ട് ഗുണ്ടകള്‍ ഒരു രാഷ്ട്രീയസാമ്പത്തിക ശൃംഖലയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെയാണ് അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകാതിരിക്കുന്നതും.
രാഷ്ട്രീയ ഉദ്യോഗസ്ഥ വര്‍ഗത്തിന്റെ ആശ്രിതവാത്സല്യം അനുഭവിക്കാത്ത സാധാരണക്കാരായ മനുഷ്യരോട് ഇതേ പോലിസ് സേന നടത്തുന്ന വീര്യം കൂടിയ നിയമപാലനം നമ്മള്‍ മറുവശത്ത് കാണുന്നുണ്ട്. കോവളത്ത് പതിനാലുകാരിയായ വളര്‍ത്തുമകളെ കൊന്നു എന്ന് സമ്മതിപ്പിക്കാന്‍ പിതാവ് ആനന്ദന്‍ ചെട്ടിയാരെ പോലിസ് അതിക്രൂരമായി മര്‍ദിച്ചു. കാല്‍ വെള്ളയില്‍ കിട്ടിയ അടി മൂലം ദിവസങ്ങളോളം നടക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴിതാ യഥാര്‍ത്ഥ കൊലപാതകികള്‍ ആകസ്മികമായ ഒരു വെളിപ്പെടുത്തലിന്റെ ഭാഗമായി പിടിയിലായിരിക്കുന്നു! എന്താണ് നമ്മുടെ പോലിസ് സ്‌റ്റേഷനുകളില്‍ നടക്കുന്നത് എന്നതിന്റെ ഭീതിദമായ തെളിവുകളാണ് പുറത്തുവരുന്നത്. ഈ പൊലിസിനെയാണ് ഇന്ത്യയിലെ ഏറ്റവും നല്ല പൊലീസ് എന്നൊക്കെ കൊണ്ടാടുന്നത്. എന്നാല്‍ ആ അവകാശവാദം ശരിയായിരിക്കാന്‍ സാധ്യതയുണ്ട്, കാരണം ഞാന്‍ കണ്ട ഇന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങളിലെ പൊലിസ് ഇതിലുമെത്രയോ മോശമാണ്. പക്ഷെ ഒരു ആധുനിക ജനസമൂഹം എന്ന നിലയില്‍ മറ്റിടത്തൊക്കെ കിട്ടുന്നതിലും രണ്ടിടി കുറവേ കിട്ടുന്നുള്ളു എന്നത് ഒരാശ്വാസമായി കരുതാന്‍ നമുക്കാവില്ല.
കുറച്ചു മാസം മുമ്പാണ് ഒരു ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടിയുടെ കാണാതായപ്പോള്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കള്ളക്കേസുണ്ടാക്കി സഹോദരന്മാരെ മര്‍ദ്ദിച്ചു ഭീഷണിപ്പെടുത്തി പോലിസ് കൈക്കൂലി വാങ്ങിയ സംഭവം പുറത്തുവന്നത്.
പോലിസ് സ്‌റ്റേഷനുകള്‍ മറ്റേത് സര്‍ക്കാര്‍ കാര്യാലയങ്ങളെയും പോലെ ജനങ്ങള്‍ക്ക് നിര്‍ഭയം കയറിച്ചെല്ലാന്‍ കഴിയുന്ന ഒന്നാകണം. എന്നാല്‍ നമ്മുടെ നാട്ടില്‍ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളും പോലിസ് സ്‌റ്റേഷനുകളെപ്പോലെ ആകുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോടിക്കണക്കിനു രൂപയുടെ കൈക്കൂലിയും അനധികൃത സ്വത്തും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം അയാള്‍ ഒന്നും സംഭവിക്കാത്തപോലെ വകുപ്പില്‍ വീണ്ടും ജോലിക്ക് പ്രവേശിച്ചു. വരുമെന്ന് കരുതിയില്ലെന്ന് ജോലിയ്ക് കയറിക്കോളാന്‍ ഉത്തരവിറക്കിയ മേലുദ്യോഗസ്ഥന്‍! അതായത് മലിനീകരണ നിയന്ത്രണ വകുപ്പിലെ ഒരു സാദാ എഞ്ചിനീയര്‍ ഇത്രയേറെ കോടികള്‍ അനധികൃതമായി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ (ഇതിലേറെ കൈക്കൂലി വഴി സമ്പാദിച്ച ഇതേ വകുപ്പിലെ മറ്റൊരാള്‍ റിമാന്‍ഡിലാണ്) അതിന്റെ പങ്ക് കൃത്യമായി ഉന്നത ഉദ്യോഗസ്ഥരാഷ്ട്രീയ നേതൃത്വത്തിന് എത്തുന്നതുകൊണ്ടാണിത്. ഇതുതന്നെയാണ് പാറ, മണ്ണ്, മണല്‍ ഖനന മേഖലയില്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിലും നടക്കുന്നത്.
മനുഷ്യര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സ്ഥലം എന്നതാണ് ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ പ്രാഥമിക നിബന്ധന. കേരളം അതില്‍ നിന്നും വളരെ ദൂരത്തേക്ക് മാറിപ്പോവുകയാണ്. രാഷ്ട്രീയ ഉദ്യോഗസ്ഥ ധനിക കൂട്ടുകെട്ടിന്റെ പുത്തന്‍ വര്‍ഗത്തിന്റെ (The new Class) വൃന്ദത്തില്‍ പെട്ടില്ലെങ്കില്‍ ഒരു പൗരന്റെ ജീവിതത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ഒരു സുരക്ഷയുമില്ലാത്ത നാടാവുകയാണ് കേരളം. കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ രാഷ്ട്രീയ കക്ഷികളും മതസംഘടനകളും മതചടങ്ങുകളുമെല്ലാം പരസ്യമായി ലംഘിക്കുമ്പോള്‍ സാധാരണക്കാരന് നേരെ പിഴയും നിയമനടപടിയുമായി ആക്രോശിക്കുന്ന ഭരണകൂടം ജനാധിപത്യത്തിലെ പൗരന്റെ തുല്യത എന്ന അടിസ്ഥാന പ്രമാണത്തെ മാത്രമല്ല സാമാന്യ യുക്തിയെക്കൂടിയാണ് വെല്ലുവിളിക്കുന്നത്.
ജനാധിപത്യം ഒരു സമൂഹത്തിന്റെ ജീവിതരീതിയാണ്. അത് തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുന്ന പരിപാടി മാത്രമാണ് എന്ന് ജനത്തെ വിശ്വസിപ്പിച്ചു എന്നിടത്താണ് പൗരന്‍ ഒരു സാങ്കേതികപദം മാത്രമാവുകയും പ്രായോഗികാര്‍ത്ഥത്തില്‍ നമ്മള്‍ പ്രജകളായി തുടരുകയും ചെയ്യുന്നത്.