കോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം

Update: 2024-09-08 15:54 GMT

കോഴിക്കോട് : ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു മാള്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി.

പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച നഗരാസൂത്രണമുള്ള സിറ്റിയായി കോഴിക്കോടിനെ മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്, നഗരത്തിന്റെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ മാള്‍ എന്ന് എം.എ യൂസഫലി പറഞ്ഞു.

800 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് കോഴിക്കോട് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുക. അഞ്ച് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകള്‍ അടക്കം സജ്ജീകരിച്ച് ഏറ്റവും സുഗമമായ ഷോപ്പിങ്ങാണ് ലുലു കോഴിക്കോടില്‍ ഉറപ്പാക്കിയിരിക്കുന്നത്.

വിപുലമായ ഫുഡ് കോര്‍ട്ടാണ് മറ്റൊരു പ്രത്യേകത. 500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോര്‍ട്ട്. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങി പതിനാറിലേറെ ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടിസോട്ട്, സ്‌കെച്ചേര്‍സ്,സ്വാ ഡയമണ്ട്‌സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എല്‍പി, അലന്‍ സോളി, പോഷെ സലൂണ്‍, ലെന്‍സ് ആന്‍ഡ് ഫ്രെയിംസ് ഉള്‍പ്പടെ അമ്പതോളം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്റ്റോറുകളുമുണ്ട്. 1800 വാഹനങ്ങള്‍ സുഗമമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഉപഭോക്താകള്‍ക്ക് മാളില്‍ പ്രവേശിക്കാനാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.




Tags:    

Similar News