കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പോലിസുകാരനെ സസ്‌പെന്റ് ചെയ്തു. ഇടുക്കി എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ പി വി ഷിഹാബിനാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഷിഹാബ് കടയില്‍ നിന്ന് മാമ്പഴം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇടുക്കി ജില്ലാ പോലിസ് മേധാവി വി യു കുര്യാക്കോസാണ് ഷിഹാബിനെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പോലിസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
സപ്തംബര്‍ 30ന് പുലര്‍ച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം 10 കിലോയോളം മാമ്പഴം ഷിഹാബ് സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഷിഹാബ് ഒളിവില്‍ പോയിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും കാഞ്ഞിരപ്പള്ളി പോലിസ് അറിയിച്ചു.