ഇന്ത്യയും പാകിസ്താനും ആണവ യുദ്ധത്തിലേര്‍പ്പെടില്ലെന്ന് മുഷര്‍റഫ്

അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ആണവായുധങ്ങള്‍ കൊണ്ട് യുദ്ധം ചെയ്യുകയെന്നത് പരിഹാസ്യമായ കാര്യമാണ്. പാകിസ്താന്‍ ഒരു ബോംബ് ഉപയോഗിച്ചാല്‍ ഇന്ത്യ 20 കൊണ്ട് മറുപടി പറയും. 50 ബോംബ് കൊണ്ടായിരിക്കും പാക്കിസ്ഥാന്‍ ഇതിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-02-22 15:50 GMT

ദുബയ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുകയില്ലെന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേഷ് മുഷര്‍റഫ്. ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് 49 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ആണവായുധങ്ങള്‍ കൊണ്ട് യുദ്ധം ചെയ്യുകയെന്നത് പരിഹാസ്യമായ കാര്യമാണ്. പാകിസ്താന്‍ ഒരു ബോംബ് ഉപയോഗിച്ചാല്‍ ഇന്ത്യ 20 കൊണ്ട് മറുപടി പറയും. 50 ബോംബ് കൊണ്ടായിരിക്കും പാക്കിസ്ഥാന്‍ ഇതിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ യുദ്ധത്തിന് കുറിച്ച് പറയുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മുന്‍ പാകിസ്താന്‍ പട്ടാള മേധാവി കൂടിയായ മുഷര്‍റഫ് പറഞ്ഞു. ആള്‍ ഇന്ത്യ പാകിസ്താന്‍ മുസ്ലിം ലീഗ് സ്ഥാപകന്‍ കൂടിയായ മുഷര്‍റഫ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളോടപ്പമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

1999 മുതല്‍ 2008 വരെ പാകിസ്താന്‍ ഭരിച്ച മുഷര്‍റഫ് 2016 മുതല്‍ ദുബയിലാണ് കഴിയുന്നത്. മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയെ വധിച്ച കേസിലും റെഡ് മോസ്‌കിലെ ഇമാമിനെ കൊലപ്പെടുത്തിയ കേസിലും പിടികിട്ടാ പുള്ളിയാണ് മുഷര്‍റഫ്. സാഹചര്യം അനുകൂലമായാല്‍ പാകിസ്താനിലേക്ക് തന്നെ തിരിച്ച് പോവുമെന്നും തന്റെ കൂടെയുണ്ടായിരുന്ന പലരും ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ സഹായം തനിക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News