''ഇന്ത്യ, മുസ്‌ലിംകളെ പുറന്തള്ളുന്ന ഒരു ഹിന്ദുരാഷ്ട്രം മാത്രം!''- ഷഫീക് സുബൈദ ഹക്കിം

ഇന്ത്യ മുസ്‌ലിംകളെ പുറന്തള്ളുന്ന ഹിന്ദുരാഷ്ട്രമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന കെട്ടകാലത്തെയും കഷ്ടതകളെയും ഞെട്ടലുകളില്ലാതെ ഉള്‍കൊള്ളാനും പ്രതീക്ഷിച്ചിരുന്നതൊക്കെ തന്നെ എന്നു നെടുവീര്‍പ്പിടാനെങ്കിലും ആ തിരിച്ചറിവ് സമുദായത്തെ സഹായിച്ചേക്കും- ഷഫീക് സുബൈദ ഹക്കിം എഴുതുന്നു.

Update: 2019-12-12 03:56 GMT

ഷഫീക് സുബൈദ ഹക്കിം

'മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല' എന്ന് കേന്ദ്രസര്‍ക്കാരും ബി.ജെ.പി വക്താക്കളും ആവര്‍ത്തിച്ചു പറയുമ്പോഴേ മനസ്സിലാകും അവര്‍ ആരെയാണ് ഈ നിയമങ്ങളും പട്ടികകളും വെച്ച് ടാര്‍ജറ്റ് ചെയ്തിരിക്കുന്നത് എന്ന്. (അവരത് പറഞ്ഞില്ലെങ്കിലും അത് മനസ്സിലാകും.) പക്ഷെ അപ്പോഴും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായത്തിന്റെ ഹൃദയവാശാലതകളില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ കനിവുകള്‍ തേടിപ്പോകുന്ന നിക്ഷ്പക്ഷ/മതേതരര്‍ സത്യത്തില്‍ അത്ഭുതപ്പെടുത്താറുണ്ട്. ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളുടെ കനിവിലും ചിലവിലുമാണ് ഇന്നോളവും ഇവിടെ മതേതരത്വം സംരക്ഷിക്കപ്പെടുന്നതെന്ന് ഇവരൊരുകാലത്തും നാവുയര്‍ത്തിപ്പറയില്ല. വേട്ടയാടപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും പിടച്ചിലുകള്‍ക്കും പ്രതിരോധങ്ങള്‍ക്കുമപ്പുറം ഈ സമൂഹത്തിന്റെ മതേതരത്വത്തിനോ മതസൗഹാര്‍ദത്തിനോ സമാധാനാന്തരീക്ഷത്തിനോ ചെറുകോട്ടവും വരാതിരിക്കാന്‍ കാലങ്ങളായി ആ സമുദായം നിലയുറപ്പിച്ചിട്ടും മനുഷ്യരല്ലാത്തവര്‍, തീവ്രമതക്കാര്‍, ഏതുനിമിഷവും ഉള്ളിലെ വര്‍ഗ്ഗീയത പ്രകടിപ്പിക്കാന്‍ സാധ്യതയുള്ളവര്‍, തീവ്രവാദികള്‍, വയറ്റില്‍ ബോംബുവെച്ച് പൊട്ടിച്ചിതറാന്‍ മടിയില്ലാത്തവര്‍, ലൗവ് ജിഹാദികള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിളിപ്പേരുകള്‍ മാത്രം മിച്ചം.

നോട്ട് നിരോധനമുള്‍പ്പെടെ കൊണ്ടുവന്ന ഇരുട്ടടികള്‍ മറന്നാണു ബിജെപിയെ ഇന്ത്യയില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ തിരഞ്ഞെടുത്താശ്ലേശിച്ചത്. കടുത്ത പട്ടിണിയുടെയും വറുതിയുടെയും കഷ്ടപാടുകളുടെയും ഒരുകാലത്ത്, നീണ്ട നീണ്ട ക്യൂകള്‍ നടുവൊടിച്ചിട്ടും കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യയെ ശരണം പ്രാപിച്ചിട്ടും അതെല്ലാം മറന്ന് അവര്‍ അതിന്റെ കാരണക്കാരുടെ കൈകളില്‍ തന്നെ ഭരണമേല്‍പ്പിച്ചു. എന്താകാം കാരണമെന്ന് അന്വേഷിക്കേണ്ട ആവശ്യം പോലുമില്ല. ബി.ജെ.പിക്കും അതറിയാം; വറ്റിവരണ്ട് ഒഴിഞ്ഞ വയറുകള്‍പോലും തങ്ങള്‍ക്ക് വോട്ട് നല്‍കിയതിന്റെ കാരണം!

കശ്മീരിലെ ജനതയെ ഒറ്റിക്കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കൂട്ടുമായി 'നിക്ഷ്പക്ഷ' അരവിന്ദ് കെജ്രിവാളും ദലിത്/അംബേദ്ക്കറൈറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബി.എസ്.പിയും ബഹന്‍ജി മായാവതിയും വരെ രംഗത്തുവന്നു. ഇവരൊക്കെയും വളരെ വേഗം തന്നെ ഹിന്ദുത്വത്തെ പ്രീണിപ്പിക്കാനും ഹിന്ദുത്വത്തിന് സഹായം ചെയ്യാനും യാതൊരുവിധ മടിയും കാണിക്കാത്തവരാണ്.

ഒരു ബില്ലും ഒരു നിയമവും ഒരു അടിച്ചമര്‍ത്തലും ക്ഷണനേരംകൊണ്ട് വരുന്നില്ല. കാലങ്ങളായുള്ള മണ്ണൊരുക്കലുകളുണ്ട് അതിനുപിന്നില്‍. ഇന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ആഗ്രഹിക്കുന്നത് മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടണമെന്നാണു. അവരാണു ഇന്ത്യയുടെ അപകടമെന്നാണു. ഇന്ത്യ മുസ്ലീങ്ങള്‍ക്കുള്ളതല്ല എന്നാണു. ഈ യാഥാര്‍ത്യത്തെ മതേതരര്‍ ആദ്യം അഭിസംബോധന ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ട് പ്രതിപക്ഷം ഇത്രക്കും നിക്ഷ്പ്രഭമായിപ്പോയി?? 'മുസ്ലീങ്ങളെ സ്‌നേഹിക്കുന്ന ബഹുഭൂരിപക്ഷം ഹിന്ദു സമുദായവും മുസ്ലീങ്ങള്‍ക്കൊപ്പമുണ്ട്' എന്ന് മുസ്ലീം ലീഗ് നേതാക്കളടക്കമുള്ളവര്‍ വിരസതയോടെ ആവര്‍ത്തിക്കുമ്പോള്‍ ഉള്‍കിടിലത്തിനിടയിലും ചിരിക്കാനാണു തോന്നുക. അത്രക്കും മുസ്ലീം സ്‌നേഹം ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ (അതിന്റെ പകുതിയെങ്കിലുമുണ്ടെങ്കില്‍) ബി.ജെ.പി അധികാരത്തില്‍ വരുമായിരുന്നില്ല. കശ്മീരിനുമേല്‍ ഭീകരത അടിച്ചേല്‍പ്പിക്കുമായിരുന്നില്ല. പരത്വപ്പട്ടിക നടപ്പാക്കുമായിരുന്നില്ല. പൗരത്വഭേദഗതി നിയമം നടപ്പാക്കുമായിരുന്നില്ല.

യാഥാര്‍ത്ഥ്യം അതല്ല. മുസ്ലീങ്ങള്‍ക്കൊപ്പം വളരെ കുറച്ചുപേര്‍ മാത്രമേയുള്ളു എന്നതാണു യാഥാര്‍ഥ്യം. ഭൂരിപക്ഷ സമുദായത്തില്‍നിന്നാണെങ്കില്‍ നാമമാത്രമായ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്കൊപ്പമാണു. എല്ലായിടങ്ങളില്‍ നിന്നും അങ്ങനെ തന്നെയാണു. ഭരണഘടനപോലും തകര്‍ന്നാലും അതൊന്നും സാരമില്ല. നമ്മളെ ബാധിക്കില്ല. മുസ്ലീങ്ങളെ മാത്രമെ ബാധിക്കൂ. അവരൊന്നൊഴിവായാല്‍ പിന്നെ തങ്ങളുടെ ജീവിതം സുന്ദരം എന്നാണു ഭൂരിപക്ഷമാളുകളും ചിന്തിക്കുന്നത്. നാസിസത്തിന്റെ കാലത്തുപോലും നാസികള്‍ക്ക് ഇത്രയേറെ പിന്തുണ കിട്ടിയിരുന്നൊ എന്ന് സംശയമാണു.

നിലവിലെ ഭരണം 'മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അപകടമാണ് എന്ന് കേവലാര്‍ത്ഥത്തില്‍ ആവര്‍ത്തിച്ച് വിശേഷിപ്പിക്കുന്നതില്‍ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ നിയമഭേദഗതി അടക്കം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ആദ്യം മുസ്ലീങ്ങള്‍ക്ക് മാത്രം അപകടകരവും അവരെ ഉന്‍മൂലനം ചെയ്യാനുള്ളതുമാണ്. പിന്നീടു മാത്രമേ 'ഈ മുഴുവന്‍ ഇന്ത്യന്‍ജനത'യിലെ മറ്റു വിഭാഗങ്ങളെ ബാധിക്കുന്നുള്ളു.

ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നും - ഇന്ത്യ ഒരു മതേതര രാജ്യമേയല്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും - നമ്മളെന്നാണു സംസാരിച്ച് തുടങ്ങുക! ഇന്ത്യ മുസ്ലീങ്ങളെ പുറന്തള്ളുന്ന ഒരു ഹിന്ദുരാഷ്ട്രമായി മാറിയിരിക്കുന്നു.

വരാനിരിക്കുന്ന കെട്ടകാലത്തെയും അഭിമുഖീകരിക്കാനിരിക്കുന്ന കഷ്ടതകളെയും വലിയ ഞെട്ടലുകളില്ലാതെ ഉള്‍കൊള്ളാനും പ്രതീക്ഷിച്ചിരുന്നതൊക്കെ തന്നെ എന്നു നെടുവീര്‍പ്പിടാനെങ്കിലും മിനിമം ആ തിരിച്ചറിവ് മുസ്ലീം സമുദായത്തെ സഹായിച്ചേക്കും.

Tags:    

Similar News