ഇന്ത്യ സമൂഹപ്രതിരോധത്തിലേക്ക് നീങ്ങുന്നു: ബ്രിട്ടീഷ് കൊവിഡ് വകഭേദത്തിന്റെ പേരില്‍ ഭീതി വേണ്ടെന്നും വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യ കൊവിഡിന്റെ കാര്യത്തില്‍ സമൂഹപ്രതിരോധത്തിലേക്ക് (herd immunity)നീങ്ങുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍. അതേസയമം ബ്രിട്ടനില്‍ രൂപപ്പെട്ട പുതിയ കൊവിഡ് ജനിതക വകഭേദത്തിന്റെ പേരില്‍ ഭീതി വേണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഹെല്‍ത്ത് ദൈ സംവാദ് എന്ന പേരില്‍ ഹീല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു വെബിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് സുപ്രധാനമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ബ്രിട്ടനില്‍ രൂപപ്പെട്ട പുതിയ വകഭേദത്തിന്റെ അപകടസാധ്യതകളെ കുറിച്ചും വെബിനാറില്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയില്‍ ഇതുവരെ 25 പേര്‍ക്കാണ് ബ്രിട്ടനില്‍ കണ്ടുപിടിക്കപ്പെട്ട കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. കണ്ടെത്തിയ 25 പേരും സമ്പര്‍ക്കവിലക്കിലും നിരീക്ഷണത്തിലും കഴിയുകയാണ്.
ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് വകഭേദത്തിന്റെ പേരില്‍ ഭയം വേണ്ടെന്ന് ഡല്‍ഹി എയിംസിലെ ഡോ. സഞ്ജയ് റായ് പറഞ്ഞു.
''ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നത് പറ്റപ്രതിരോധത്തിലേക്ക് രാജ്യം മാറുന്നതിന്റെ സൂചനയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മഹാരാഷ്ട്രയിലെ ധാരാവി. കേസുകളുടെ എണ്ണം നടത്തുന്ന പരിശോധനയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
പ്രഫ. ഡോ. ഡി വൈ പാട്ടീല്‍ മെഡിക്കല്‍ കോളജിലെ ഡോ. അമിതാവ് ബാനര്‍ജി രാജ്യത്തെ കൊവിഡ് കണക്കുകള്‍ ശ്രദ്ധാപൂര്‍വം പഠിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
പുതിയ കൊവിഡ് വകഭേദത്തിന്റെ കാര്യത്തില്‍ നാം നമ്മുടെ ഡാറ്റാബേസിനെയാണ് അവലംബമാക്കേണ്ടത്. പുറംരാജ്യങ്ങളിലെ ഡാറ്റയല്ല, അവിടത്തെ കൊവിഡ് വ്യാപനവുമല്ല. ഇന്ത്യയിലെ അവസ്ഥ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്- അമിതാവ് ബാനര്‍ജി പറഞ്ഞു.