ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്; ചരിത്ര നേട്ടവുമായി സിറിയ പ്രീ ക്വാര്‍ട്ടറില്‍
ദോഹ: ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ സിറിയക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറിയ ഇന്ത്യയെ വീഴ്ത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 76-ാം മിനിറ്റില്‍ ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്. ഇന്ത്യയെ തോല്‍പ്പിച്ചതോടെ ഒരു ജയവും ഒരു തോല്‍വിയും അടക്കം നാലു പോയന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി സിറിയ ഏഷ്യന്‍ കപ്പ് ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയപ്പോള്‍ കളിച്ച മൂന്ന് കളികളിലും തോറ്റ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 2-0നും രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനോട് 3-0നും തോറ്റ ഇന്ത്യക്ക് ജയിച്ചാല്‍ മാത്രമെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളു. തോറ്റെങ്കിലും ശക്തരായ ഓസ്‌ട്രേലിയയക്കെതിരെയും സിറിയക്കെതിരെയും വീറുറ്റ പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യ മടങ്ങുന്നത്.
കളിയുടെ തുടക്കം മുതല്‍ ഇന്ത്യയാണ് ആക്രമണം തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ ചാങ്‌തെ പന്തുമായി സിറിയന്‍ ബോക്‌സിനടുത്തെത്തിയെങ്കിലും പന്ത് നിയന്തിക്കാനായില്ല. രണ്ടാം മിനിറ്റില്‍ സിറയയുടെ ഹെസാറിനെ ഫൗള്‍ ചെയ്തതിനെ രാഹുല്‍ ഇന്ത്യയുടെ രാഹുല്‍ ബെക്കെ മഞ്ഞക്കാര്‍ഡ് കണ്ടു. പിന്നാലെ സിറിയന്‍ ബോക്‌സിലേക്ക് മുന്നേറിയ അപൂയെ ഫൗള്‍ ചെയ്തതിന് ഇന്ത്യക്ക് അനുകൂലമായി ബോക്‌സിന് പുറത്ത് ഫ്രീ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നാലാം മിനിറ്റില്‍ ആണ് ഇന്ത്യ ആദ്യമായി സിറിയന്‍ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത്. പക്ഷെ മഹേഷിന്റെ ഷോട്ട് സിറിയന്‍ ഗോള്‍ കീപ്പര്‍ അനായാസം കൈയിലൊതുക്കി.പിന്നാലെ സിറിയ ഒന്നിന് പുറകെ ഒന്നായി ആക്രമണം തുടങ്ങിയതോടെ ഇന്ത്യ കൗണ്ടര്‍ അറ്റാക്കിംഗില്‍ മാത്രമായി ഇന്ത്യയുടെ ശ്രദ്ധ. ഇന്ത്യയുടെ ആക്രമണങ്ങളൊക്കെ പക്ഷെ സിറിയന്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങി.
സിറിയന്‍ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധനിര ഓരോ ആക്രമണങ്ങളുടെയും മുനയൊടിച്ചു, പ്രതിരോധനിരയെ മറികടന്നപ്പോഴാകട്ടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഇന്ത്യയുടെ രക്ഷക്കെത്തി. 25-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തു നിന്ന് മഹേഷെടുത്ത ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോളിലേക്ക് അവസരം ഒരുങ്ങിയെങ്കിലും ഛേത്രിക്ക് പന്ത് ഹെഡ് ചെയ്ത് വലയിലിടാനായില്ല.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഏറെ കണ്ടെങ്കിലും ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്ന ഇന്ത്യ സിറിയയെ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടി. രണ്ടാം പകുതിയില്‍ മഹേഷിന് പകരം ഉദാന്ത സിംഗിനെയും പരിക്കേറ്റ സന്ദേശ് ജിങ്കാന് പകരം നിഖില്‍ പൂജാരിയെയും ഇന്ത്യ ഗ്രൗണ്ടിലിറക്കി. പ്രതിരോധത്തില്‍ ഇറക്കി. 53-ാം മിനിറ്റില്‍ ഇന്ത്യക്ക് ഗോളിലേക്കുള്ള വഴി തുറന്നെങ്കിലും സിറിയന്‍ ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുക്കാന്‍ ചാങ്‌തെക്ക് കഴിഞ്ഞില്ല.
62-ാം മിനിറ്റില്‍ ഇന്ത്യന്‍ ബോക്‌സില്‍ ആകാശ് മിശ്രയുടെ കാലില്‍ നിന്ന് പന്ത് തട്ടിയെടുത്ത ഹെസന്‍ പന്ത് ഖബ്രിന് മറിച്ചു നല്‍കിയെങ്കിലും സുവര്‍ണാവസരം സിറിയന്‍ താരം പാഴാക്കി. 64-ാം മിനിറ്റില്‍ സുരേഷ് വാങ്ജമിന് പകരം സഹല്‍ അബ്ദുള്‍ സമദിനെയും മന്‍വീര്‍ സിങിന് പകരം ദീപക് ടാങ്‌റിയെയും ഗ്രൗണ്ടിലിറക്കി ഇന്ത്യ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ചു. പിന്നാലെ സഹല്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ശ്രമം സിറിയന്‍ പ്രതിരോധം തടഞ്ഞു.
76ാം മിനിറ്റില്‍ ഇന്ത്യുടെ പ്രതീക്ഷ തകര്‍ത്ത ഗോളെത്തി. അത്രയും നേരം മനോഹരമായി പ്രതിരോധിച്ച ഇന്ത്യന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് ഹെസാര്‍ നല്‍കിയ ഡയഗണല്‍ ക്രോസ് പിടിച്ചെടുത്ത് ഖബ്രിന്‍ ബോക്‌സിനകത്തു നിന്ന് തൊടുത്ത ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ വിരലുകളെ തഴുകി വലയിലേക്ക് ഉരുണ്ട് കയറി. ഗോള്‍ വീണതോടെ സിറിയ പൂര്‍ണമായും പ്രതിരോധത്തിലേക്കും ആക്രമണത്തിലേക്കും മാറിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ മുന്നേറ്റനിരക്കായില്ല.