ന്യൂഡല്‍ഹി: അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി അമേരിക്കയുമായി ചര്‍ച്ച ചെയ്തപ്പോഴാണ് ഇന്ത്യ സഹായം തേടിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മിലാണ് ചര്‍ച്ച നടത്തിയത്. അന്താരാഷ്ട്ര സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പങ്കുവെച്ചതായും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് ജയശങ്കര്‍ പ്രതികരിച്ചു.
അഫ്ഗാനിലെ സ്ഥിതിഗതികളില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി യോഗത്തില്‍ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്താനിലെ ജനങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് യു എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി.