ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Update: 2021-08-15 09:44 GMT

കബീര്‍ കൊണ്ടോട്ടി

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് 75മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൗദി സമയം രാവിലെ 7:30ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ പ്രെസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം കോണ്‍സുല്‍ ജനറല്‍ സദസിന് വായിച്ചു കേള്‍പ്പിച്ചു. ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ രീതിയും കൊറോണ പ്രതിരോധവും ദാരിദ്ര്യ നിര്‍മാജനത്തിനുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. കൊവിഡ് ഉന്മൂലനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗത്തിലുള്ളവരേയും പ്രത്യേകം പ്രശംസിച്ചു.

ഓരോ ഇന്ത്യന്‍ പൗരനും സ്വാതന്ത്ര്യവും നീതിയും സുരക്ഷയും വൈവിധ്യങ്ങള്‍ നിലനിര്‍ത്തികൊണ്ട് ഉറപ്പ് വരുത്താന്‍ ഇന്ത്യന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെ പ്രശംസിച്ചതോടൊപ്പം എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യ ഫോറവും ഐ പി ഡബ്ലിയുഎഫും സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ശേഷം കേക്ക് മുറിച്ച് സദസില്‍ വിതരണം ചെയ്തു.

കോണ്‍സുല്‍മാരായ യു ഖൈര്‍ ബാം സാബിര്‍, ഹംന മറിയം എന്നിവര്‍ സന്നിഹിതരായിരുന്നു. ഷഹന്‍ഷ, ബിലാല്‍, ഇഷ, മാജിദ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കൊവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങിന് എത്തിയത്.

Tags:    

Similar News